ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ പ്രത്യേക നിയമം വേണം: സുപ്രീം കോടതി

Wednesday 18 July 2018 3:39 am IST

ന്യൂദല്‍ഹി: ആള്‍ക്കൂട്ട കൊലപാതകങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. ആള്‍ക്കൂട്ട കൊലപാതകങ്ങളും അക്രമങ്ങളും തടയാന്‍ പ്രത്യേക നിയമം വേണമെന്ന് കോടതി ചൂണ്ടിക്കാട്ടി. കുറ്റവാളികള്‍ക്ക് മതിയായ ശിക്ഷ ഉറപ്പാക്കാന്‍ പാര്‍ലമെന്റ് നിയമനിര്‍മ്മാണം നടത്തണം. ആള്‍ക്കൂട്ടം നിയമം നടപ്പാക്കുന്നത് അംഗീകരിക്കാനാവില്ല. നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ല. ഇത് സാധാരണ സംഭവമായി മാറാന്‍ അനുവദിക്കരുത്. ഉരുക്കുമുഷ്ടിയുപയോഗിച്ച് അടിച്ചമര്‍ത്തണം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. ആള്‍ക്കൂട്ട അക്രമങ്ങള്‍ തടയാന്‍ മാര്‍ഗ്ഗരേഖ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ വിധി പറയുകയായിരുന്നു കോടതി. 

ഭാവിയില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയുന്നതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. പശുവിന്റെ പേരിലുള്‍പ്പെടെയുള്ള അക്രമങ്ങള്‍ തടയുന്നതിന് നടപടിയെടുക്കാന്‍ കഴിഞ്ഞ സപ്തംബര്‍ ആറിന് സുപ്രീം കോടതി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്തിന്റെ പേരിലായാലും അക്രമങ്ങള്‍ അനുവദിക്കാനാകില്ലെന്നും തടയേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണെന്നും കോടതി അന്ന് വ്യക്തമാക്കിയിരുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിശദമായ നിര്‍ദേശങ്ങളും കോടതി നല്‍കിയിട്ടുണ്ട്. 

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ക്രമസമാധാന പ്രശ്‌നമാണെന്നും സംസ്ഥാന സര്‍ക്കാരുകളാണ് ഇതില്‍ നടപടിയെടുക്കേണ്ടതെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. പശുക്കളെ മോഷ്ടിക്കുന്ന ക്രിമിനലുകളെ ഗ്രാമീണര്‍ തടയുന്നതും സംഘര്‍ഷമുണ്ടാകുന്നതും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പതിവാണ്. ഇത്തരത്തില്‍ കൊല്ലപ്പെടുന്നവര്‍ക്ക് മതത്തിന്റെ നിറം നല്‍കി വര്‍ഗീയവത്കരിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. ഇതിനെതിരെയും നേരത്തെ സുപ്രീം കോടതി രംഗത്തുവന്നിരുന്നു. 

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതായി ആരോപിച്ച് കര്‍ണാടക, മഹാരാഷ്ട്ര, ത്രിപുര, ബംഗാള്‍, ഉത്തര്‍ പ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ അടുത്തിടെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അരങ്ങേറിയിരുന്നു. കേരളത്തില്‍ അട്ടപ്പാടിയില്‍ അരി മോഷ്ടിച്ചെന്ന് ആരോപിച്ച് മധു എന്ന ദളിത് യുവാവിനെ ഒരു കൂട്ടം ആളുകള്‍ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തയിരുന്നു. കൊല്ലത്തിനടുത്ത് അഞ്ചലില്‍  കോഴിയെ മോഷ്ടിച്ചെന്നാരോപിച്ച് ബംഗാള്‍ സ്വദേശിയെ ഏതാനും ദിവസം മുന്‍പാണ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.