യുവന്റസിലേക്കുള്ള കൂടുമാറ്റം; നിലപാട് വ്യക്തമാക്കി ക്രിസ്റ്റ്യാനോ

Wednesday 18 July 2018 3:55 am IST

ടൂറിന്‍: റഷ്യന്‍ ലോകകപ്പില്‍ ഫ്രാന്‍സിന്റെ കിരീടനേട്ടത്തേക്കാളും കൂടുതല്‍ ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയായത് പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ കൂടുമാറ്റമായിരുന്നു. ഒമ്പതുവര്‍ഷം പന്തുതട്ടിയ റയല്‍ മാഡ്രിഡിനോട് വിടപറഞ്ഞ് ഇറ്റാലിയന്‍ ക്ലബ് യുവന്റസിലേക്കായിരുന്നു ക്രിസ്റ്റിയാനോയുടെ ചുവടുമാറ്റം. കഴിഞ്ഞ കുറെ ദിവസങ്ങളായിരുന്നു ഫുട്‌ബോള്‍ ലോകത്തെ പ്രധാന ചര്‍ച്ചയും. വിവിധ കാരണങ്ങളായിരുന്നു ഫുട്‌ബോള്‍ പണ്ഡിതന്മാര്‍ നിരത്തിയത്. 

റയല്‍ പ്രസിഡന്റ് ഫ്‌ളോറന്റീന പെരസുമായുള്ള അഭിപ്രായ ഭിന്നതയും ടീമിലെ പടലപിണക്കവും ക്രിസ്റ്റ്യാനോയുടെ കൂടുമാറ്റത്തിന് കാരണമായി പലരും ചൂണ്ടിക്കാട്ടി. എന്നാല്‍ അതൊന്നുമല്ല കാരണമെന്ന് ക്രിസ്റ്റ്യാനോ തന്നെ വ്യക്തമാക്കി. ഇതോടെ അഭ്യൂഹങ്ങള്‍ക്കും അറുതിയായി. മുപ്പതു വയസ്സു കഴിഞ്ഞാല്‍ വലിയ ക്ലബ്ബുകള്‍ വിട്ട് ഉയര്‍ന്ന തുകയ്ക്ക് ചൈനയിലേയ്ക്കും ഖത്തറിലേയ്ക്കും പോകുന്ന കളിക്കാരില്‍ നിന്ന് തികച്ചും വ്യത്യസ്തനാണ് താനെന്നാണ് ക്രിസ്റ്റിയാനോ പറഞ്ഞത്. റയല്‍ മാഡ്രിഡ്—വിട്ട് പുതിയ ക്ലബ്ബായ യുവെന്റസില്‍ ചേര്‍ന്ന ശേഷം ടൂറിനില്‍ നടന്ന അവതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു റൊണാള്‍ഡോ.

ഇപ്പോള്‍ എന്റെ പ്രായത്തില്‍ കരിയര്‍ അവസാനിച്ചുവെന്ന്—കരുതുന്ന കളിക്കാരില്‍ നിന്ന്—ഏറെ വ്യത്യസ്തനാണ്—താന്‍. ആ വ്യത്യാസം എനിക്ക് തെളിയിക്കേണ്ടതുണ്ട്, 23കാരനല്ല, 33കാരനാണ്, അതുകൊണ്ട് തനിക്ക് പലതും തെളിയിക്കാനുണ്ടെന്നും ക്രിസ്റ്റിയാനോ കൂട്ടിച്ചേര്‍ത്തു. ശാരീരികമായി, മാനസികമായി, ഫിറ്റാണ്, അതുകൊണ്ടൊക്കെയാണ്—ഇവിടെ എത്തിയത്. അതില്‍ അഭിമാനമുണ്ടെന്നും റൊണാള്‍ഡോ പറയുന്നു.  കഴിഞ്ഞയാഴ്ച 845 കോടി രൂപയ്ക്കാണ്—ക്രിസ്റ്റിയാനോയെ യുവെന്റസ് തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. യുവെയുമായി നാലു വര്‍ഷത്തേക്കാണ് റൊണാള്‍ഡോയുടെ കരാര്‍. ഓരോ സീസണിലും 240 കോടി രൂപയാണ്—പ്രതിഫലം. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ രണ്ടു തവണ ഫൈനലിലെത്തിയിട്ടും ചാമ്പ്യന്‍സ് ലീഗ് കിരീടം യുവെന്റസിന് കിട്ടാക്കനിയാണ്. റൊണാള്‍ഡോയുടെ വരവോടെ ഇതിന് ഒരു അറുതിവരുത്തുമെന്ന കണക്കുകൂട്ടലിലാണ് യുവെന്റസ്. ആഭ്യന്തരലീഗിലെ നാലു ഇരട്ടകിരീടങ്ങളടക്കം തുടര്‍ച്ചയായ എട്ടാം സീരി എ കിരീടം ലക്ഷ്യമിടുന്ന യുവെക്ക് പക്ഷേ ഇറ്റാലിയന്‍ ആധിപത്യം യൂറോപ്യന്‍ മണ്ണില്‍ ആവര്‍ത്തിക്കാന്‍ കഴിയാറില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.