കനത്ത മഴ: ഇരിട്ടി ഡിടിപിസി പാര്‍ക്കിന്റെ അരികുഭിത്തി ഇടിഞ്ഞു

Wednesday 18 July 2018 4:50 pm IST

 

ഇരിട്ടി: ഇരിട്ടി പാലത്തിന് സമീപം ഡിടിപിസി പാര്‍ക്കിന്റെ അരികുഭിത്തി പുഴയിലേക്ക് ഇടിഞ്ഞു. ഇതോടൊപ്പം ഇവിടെ ഉണ്ടായിരുന്ന വന്‍ മരവും പുഴയിലേക്ക് മറിഞ്ഞുവീണു. ഇരിട്ടിയിലും മലയോരമേഖലയിലും ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ ഇരിട്ടി പുഴയിലുണ്ടായ ശക്തമായ കുത്തൊഴുക്കിലാണ് ഇരിട്ടി പാലത്തിന് സമീപമുള്ള ഡിടിപിസി പാര്‍ക്കിന്റെ പാര്‍ശ്വ ഭാഗവും ഇടിഞ്ഞുവീണത് . 

രണ്ട് പതിറ്റാണ്ട് മുന്‍പാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇരിട്ടി പാലത്തിന് സമീപം ബോട്ട് ജെട്ടിയും അതോടൊപ്പം പാര്‍ക്കും ആരംഭിച്ചത്. പഴശ്ശി ജലാശയത്തില്‍ രണ്ട് ബോട്ട് സര്‍വീസ് ആരംഭിക്കുകയും ഇതിനോടൊപ്പം ഒരു പാര്‍ക്ക് നിര്‍മ്മിക്കുകയും ചെയ്തു. ലക്ഷങ്ങളാണ് ഇതിന് ചെലവ് വന്നത്. 

എന്നാല്‍ ഒരു വര്‍ഷം കൊണ്ട് തന്നെ ബോട്ട് സര്‍വീസ് നിലച്ചു. നിരവധി കുടിവെള്ള പദ്ധതികളുള്ള പഴശ്ശി ജലാശയത്തില്‍ മണ്ണെണ്ണയും ഡീസലും മറ്റും കലരുന്നു എന്നതായിരുന്നു അതിന് കണ്ടെത്തിയ കാരണം. ഇവിടെയുള്ള ഡിടിപിസിയുടെ കഫറ്റേരിയ പിന്നീട് പല വ്യക്തികള്‍ക്കായി വാടകക്ക് കൈമാറുകയും ഇവിടെ സ്വകാര്യ വ്യക്തികള്‍ ചെറിയ ഹോട്ടലുകളും മറ്റും നടത്തി വരികയാണ്. ഇതോടെ മനോഹരമായി നിര്‍മ്മിച്ച ലക്ഷങ്ങള്‍ മുടക്കിയ പാര്‍ക്ക് നാമാവശേഷമാവുകയും ചെയ്തു. പഴയ ബോട്ടുജെട്ടിയുടെ നിര്‍മ്മിതികളും പഴയ ബോട്ടും ഇപ്പോഴും നോക്കുകുത്തിയായി ഇവിടെ തുടരുന്നു. ഈ ബോട്ട് ജെട്ടിയുടെ നിര്‍മ്മിതിക്കും ഇരിട്ടി പാലത്തിനും ഇടയിലാണ് ഇപ്പോള്‍ പുഴയുടെ അരികുഭിത്തി വന്‍ മരത്തോടൊപ്പം പുഴയിലേക്ക് പതിച്ചിരിക്കുന്നത്. പുഴയില്‍ കുത്തൊഴുക്ക് കൂടുതലായാല്‍ ഇനിയും ഈ മണ്ണിടിച്ചിലുണ്ടാകാനും ഡിടിപിസി പാര്‍ക്കിന്റെ നിലനില്‍പ്പ് അപകടത്തിലാവാനും ഇടയുണ്ട്.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.