സ്വത്ത് തട്ടിപ്പ്: വില്ലേജ് ഓഫീസറുടെ അറസ്റ്റിനായി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

Wednesday 18 July 2018 4:50 pm IST

 

പയ്യന്നൂര്‍: തളിപ്പറമ്പ് തൃച്ചംബരത്തെ റിട്ട.ഡെപ്യൂട്ടി സഹകരണ രജിസ്ട്രാര്‍ പി.ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുത്ത കേസില്‍ പോലീസ് പ്രതിചേര്‍ത്ത തളിപ്പറമ്പിലെ മുന്‍ തഹസീല്‍ദാരെയും വില്ലേജ് ഓഫീസറെയും അറസ്റ്റ് ചെയ്യാന്‍ പോലീസ് നടപടികള്‍തുടങ്ങി. ഇതിന്റെ ഭാഗമായി വില്ലേജ് ഓഫീസറെ അറസ്റ്റ് ചെയ്യാന്‍ അനുമതി തേടി പോലീസ് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഇരുവരെയും പ്രതിചേര്‍ത്ത് കേസന്വേഷണ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 

എന്നാല്‍ റിപ്പോര്‍ട്ട് നല്‍കി ആഴ്ചകള്‍ കഴിഞ്ഞിട്ടും ഇവരെ പിടികൂടാന്‍ നടപടി സ്വീകരിക്കാത്ത പോലീസ് അധികൃതരുടെ നിലപാട് പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതേതുടര്‍ന്നാണ് വില്ലേജ് ഓഫീസറെ അറസ്റ്റുചെയ്യാനുള്ള അനുമതിക്കായി പോലീസ് കലക്ടര്‍ക്ക് നിവേദനം നല്‍കിയത്. തളിപ്പറമ്പിലെ മുന്‍ തഹസീല്‍ദാര്‍ കണ്ണൂര്‍ സ്വദേശി മുഹമ്മദ് അസ്ലം, മുന്‍ തളിപ്പറമ്പ് വില്ലേജ് ഓഫീസര്‍ കെ.വി.അബ്ദുള്‍ റഷീദ് എന്നിവരെയാണ് കേസില്‍ പ്രതിചേര്‍ത്തിരുന്നത്. വില്ലേജ് ഓഫീസര്‍ ഇപ്പോള്‍ സര്‍വ്വീസിലുള്ള ആളാണ്. ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് കൃത്രിമ രേഖകള്‍ ചമക്കുന്നതിന് പയ്യന്നൂരിലെ അഭിഭാഷകക്കും സംഘത്തിനും ഒത്താശചെയ്തുകൊടുത്തു എന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇരുവരെയും കേസില്‍ പ്രതിചേര്‍ത്തത്. 

പയ്യന്നൂരിലെ അഭിഭാഷകയായ ഷൈലജയെയും ഭര്‍ത്താവ് കൃഷ്ണകുമാറിനെയും പരേതനെ വിവാഹം കഴിച്ചതായി അവകാശപ്പെട്ടിരുന്ന ജാനകിയെയും ഈ സംഭവത്തില്‍ പോലീസ് അറസ്റ്റുചെയ്തിരുന്നു. കൃത്രിമ രേഖകള്‍ സൃഷ്ടിച്ച് ബാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ തട്ടിയെടുത്തു എന്നാണ് കേസ്. നേരത്തെ കേസന്വേഷണം ദ്രുതഗതിയില്‍ നടന്നിരുന്നുവെങ്കിലും ഇപ്പോള്‍ മന്ദീഭവിച്ചിരിക്കുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.