പോലീസ് ചമഞ്ഞ് കൊളള: യുവാവ് അറസ്റ്റില്‍

Wednesday 18 July 2018 4:52 pm IST

 

കണ്ണൂര്‍: പോലീസുകാരെന്ന വ്യാജേന ബൈക്കിലെത്തി ഇതരസംസ്ഥാനത്തൊഴിലാളികളെ കൊള്ളയടിച്ച സംഘത്തിലെ യുവാവിനെ ടൗണ്‍ എസ്‌ഐ ശ്രീജിത്ത് കോടേരി അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം ബൈക്കിലെത്തിയ രണ്ടംഗസംഘം 22000 രൂപയാണ് കവര്‍ന്നത്. ചാലാട് സ്വദേശി നജാസാണ് പിടിയിലായത്. ഇയാളുടെ കൂട്ടാളിയെയും ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. 

കഴിഞ്ഞദിവസം വൈകിട്ട് ഏഴോടെ താഴെച്ചൊവ്വ ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം. പോലീസെന്ന വ്യാജേന എത്തിയ സംഘം പശ്ചിമബംഗാള്‍ സ്വദേശിയും തലശ്ശേരിയിലെ ആശാരിപ്പണിക്കാരനുമായ ഷെസ്ഖ് മുസ്ലീന്‍ അലിയും കൂട്ടുകാരനും തലശ്ശേരിയിലേക്ക് ബസ് കയറാന്‍ കാത്ത് നില്‍ക്കുന്നതിനിടെ അടുത്തെത്തി പേഴ്‌സും സഞ്ചിയും പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. നിങ്ങള്‍ കഞ്ചാവ് വില്‍പ്പനക്കാരാണോ എന്ന് സംശയമുണ്ടെന്നും പേഴ്‌സ് പരിശോധിക്കണമെന്നും പറഞ്ഞ് പേഴ്‌സ് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പേഴ്‌സില്‍ സൂക്ഷിച്ച 22000 രൂപ എടുത്ത കവര്‍ച്ചാ സംഘം സ്റ്റേഷനില്‍ വന്നാല്‍ പണം തരാമെന്ന് അറിയിക്കുകയായിരുന്നു. ഇത് തങ്ങള്‍ ജോലി ചെയ്ത കൂലിയാണെന്നും തിരിച്ചു തരണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പേഴ്‌സ് വാങ്ങിയ സംഘം ഞൊടിയിടയില്‍ ഇവരെ തള്ളിമാറ്റി രക്ഷപ്പെടുകയായിരുന്നു. ബഹളം വെച്ച ഇവര്‍ പിന്നീട് നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. ഇവരുടെ മേസ്ത്രി സുനില്‍കുമാറാണ് ടൗണ്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് ടൗണ്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.