കാലവര്‍ഷം: കാര്‍ഷികമേഖലയില്‍ കോടികളുടെ നാശനഷ്ടം

Wednesday 18 July 2018 4:53 pm IST

 

പയ്യാവൂര്‍: ഒരാഴ്ചയിലേറെയായി മലയോരമേഖലയില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ കോടികളുടെ കൃഷിനാശം. കാറ്റില്‍ മരങ്ങള്‍ കടപുഴകിവീണ് അഞ്ഞൂറോളം വീടുകള്‍ പൂര്‍ണ്ണമായും ഭാഗീകമായും തകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി അനുഭവപ്പെടുന്ന കാലവര്‍ഷത്തിന് അല്‍പം മാറ്റം വന്നിട്ടുണ്ടെങ്കിലും മഴയോടൊപ്പം ഇടക്കിടെ വീശിയടിക്കുന്ന കാറ്റ് ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്. കാറ്റിലും മഴയിലും മൂന്ന് ദിവസത്തിലേറെയായി മലയോര മേഖലയിലെ പലയിടങ്ങളിലും വൈദ്യുതി ബന്ധം താറുമാറായിട്ട്. 

പ്രധാന ലൈനുകളില്‍ തിങ്കളാഴ്ച വൈകിട്ടോടെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചിരുന്നുവെങ്കിലും ഉള്‍പ്രദേശങ്ങളിലുള്ള വൈദ്യുതി പുനസ്ഥാപിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. കെഎസ്ഇബിയിലെ നൂറുകണക്കിന് ജീവനക്കാര്‍ രാവും പകലും കഠിനാധ്വാനം ചെയ്താണ് പ്രധാനമേഖലകളില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്. ശ്രീകണ്ഠപുരം, തളിപ്പറമ്പ്, ആലക്കോട്, ഇരിട്ടി, ഉളിക്കല്‍, പയ്യാവൂര്‍, ചെമ്പേരി മേഖലകളിലായി ആയരത്തിലേറെ വൈദ്യുതി പോസ്റ്റുകളാണ് തകര്‍ന്നിട്ടുള്ളത്. കാര്‍ഷിക വിളകള്‍ വ്യാപകമായി നശിച്ചത് മലയോര കര്‍ഷകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. കൃഷിനാശം സംഭവിച്ചതോടെ ബാങ്കുകളിലെയും മറ്റും തിരിച്ചടവ് പോലും മുടങ്ങുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.

റബ്ബര്‍, വാഴ, കവുങ്ങ്, പച്ചക്കറി കൃഷി തുടങ്ങിയവ വ്യാപകമായി നശിച്ചിട്ടുണ്ട്. ഗ്രാമീണ മേഖലയിലെ റോഡുകളും തകര്‍ന്നിട്ടുണ്ട്. ഇത്തവണ ഉരുള്‍പൊട്ടലോ ആള്‍നാശമോ ഉണ്ടായിട്ടില്ല. എന്നാല്‍ മരങ്ങള്‍ വീടിന് മുകളില്‍ വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാലവര്‍ഷത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് അടിയന്തിരമായി സാമ്പത്തിക സഹായം എത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് വേണ്ടിയള്ള പുതിയ മാനദണ്ഡം മലയോര മേഖലയിലെ ജനങ്ങള്‍ക്ക് ഏറെ ദുരിതമായിട്ടുണ്ട്.  വീടുകളും മറ്റും തകര്‍ന്നതുമായി ബന്ധപ്പെട്ടുള്ള നാശനഷ്ടത്തിന്റെ കണക്ക് വില്ലേജ് അധികൃതര്‍ക്ക് പുറമെ പഞ്ചായത്ത് ഓവര്‍സീയറും പരിശോധിച്ച് രേഖപ്പെടുത്തണമെന്ന നിബന്ധനയാണ് ജനങ്ങളെ വലക്കുന്നത്. 

നേരത്തെ വില്ലേജ് അധികൃതര്‍ മാത്രമാണ് നാശനഷ്ടത്തിന്റെ തോത് കണക്കാക്കിയിരുന്നത്. ഈവര്‍ഷം മുതലാണ് വീടുകള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ തകര്‍ന്നതിന്റെ കണക്ക് പഞ്ചായത്ത് ഓവര്‍സീയര്‍മാര്‍ പരിശോധിച്ച് വാല്വേഷന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന നിബന്ധന ഏര്‍പ്പെടുത്തിയത്. ഇത് കാലവര്‍ഷക്കെടുത്തിക്ക് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ വൈകുമെന്നാണ് പരാതി ഉയര്‍ന്നിട്ടുള്ളത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.