ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലും ഫാഷന്‍ ഫ്രൂട്ട് ഗ്രാമമൊരുങ്ങുന്നു. കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന് മുഖേന നടപ്പിലാക്കുന്ന ഫാഷന്‍ ഫ്രൂട്ട് ഗ്രാമം പദ്ധതിയില്‍ തില്ലങ്കേരി, മാലൂര്‍ പഞ്ചായത്തിനു പുറമേ മുഴക്കുന്ന് പഞ്ചായത്തിനെയും തെരഞ്ഞെടുത്തതോടെ ഇതിനുള്ള പ്രവര്‍ത്തനം പഞ്ചായത്തില്‍ ആരംഭിച്ചു കഴിഞ്ഞു.
നാളിതുവരെ ഒരു കാര്‍ഷിക വിളയായി പരിഗണിക്കാതിരിക്കുകയും കേവലം കൗതുകത്തിന് വേണ്ടി മാത്രം വളര്‍ത്തുകയും പോഷകമൂല്യം തിരിച്ചറിയാതെ പാഴാക്കി കളയുകയും ചെയ്യുന്ന ഫാഷന്‍ ഫ്രൂട്ട് വാണിജ്യ അടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ അവസരമൊരുക്കുകയാണ് ഈ പദ്ധതിയിലൂടെ. ഏറെ പോഷകമൂല്യ മുള്ളതും നിരവധി രോഗങ്ങള്‍ക്ക് ഔഷധമായും മറ്റ് മൂല്യ വര്‍ദ്ധിത ഉല്പന്നങ്ങള് നിര്‍മ്മിക്കുന്നതിനും ഇത് ഉപയോഗിക്കുന്നു. കുടുംബശ്രീ അംഗങ്ങളായ കര്‍ഷകര്‍, കുടുംബശ്രീ കുടുംബാംഗങ്ങള്‍, വനിതാ ഗ്രുപ്പുകള്‍, ജെഎല്‍ജി ഗ്രൂപ്പുകള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് കൃഷി ചെയ്യുന്നത്.
കൂടുതല്‍ സ്ഥലങ്ങളില്‍ കൃഷി ചെയ്ത് മാതൃകാ തോട്ടമൊരുക്കുവാന്‍ തയ്യാറാകുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കും. കൃഷിക്കാവശ്യമായ രണ്ടായിരത്തോളം തൈകളാണ് പഞ്ചായത്തില്‍ എത്തിച്ചിരിക്കുന്നത്. പഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങില്‍ ഫാഷന്‍ ഫ്രൂട്ട് തൈകളുടെ വിതരണ ഉദ്ഘാടനം മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് പ്രീത ദിനേശന്, സജിത അനുപ്, സുരേന്ദ്രന്തച്ചോളി, കെ.വി.റഷീദ്, പി.പി.മുസ്തഫ, എ.വനജ, റജി പി.മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: