ആശ്രിത നിയമനം അട്ടിമറിക്കുന്നു; വേണ്ടപ്പെട്ടവര്‍ക്ക് സെക്രട്ടേറിയറ്റില്‍ നിയമനം

Thursday 19 July 2018 2:31 am IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ വിവിധ വകപ്പുകളില്‍ നടത്തുന്ന ആശ്രിത നിയമനത്തില്‍ വന്‍തിരിമറി. മറ്റു വകുപ്പുകളില്‍ ആശ്രിത നിയമനം ലഭിക്കുന്നവര്‍ നിയമവിരുദ്ധമായി സ്വാധീനമുപയോഗിച്ച് സെക്രട്ടേറിയറ്റില്‍ നിയമനം നേടുന്നു. 

സര്‍വീസിലിരിക്കെ മരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ കുടുംബം അനാഥമാതിരിക്കാനാണ് അയാള്‍ ജോലി ചെയ്തിരുന്ന വകുപ്പില്‍  കുടുംബത്തിലെ ആശ്രിതരില്‍ ഒരാള്‍ക്ക് ജോലി നല്‍കുന്നത്. ഏത് വകുപ്പിലായാലും മരിക്കുന്ന ആള്‍ ജോലിയിലിരിക്കുന്ന വകുപ്പിലെ ക്ലാസ് 3, ക്ലാസ് 4 തസ്തികളില്‍ അപേക്ഷകന്റെ യോഗ്യതയ്ക്കനുസരിച്ച് നിയമനം നല്‍കണമെന്നാണ് വ്യവസ്ഥ. 

ഈ വകുപ്പില്‍ ഒഴിവില്ലെങ്കില്‍ മാത്രം സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിന് കീഴിലുള്ള കംപാഷണേറ്റ് എംപ്ലോയ്‌മെന്റ് സെല്ലില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ജോലി നേടിയെടുക്കാം.  ഒഴിവുകളില്‍ നിയമനം നേടാന്‍ അര്‍ഹരാവുകയും വേണം. ഈ വ്യവസ്ഥയാണ് വ്യപകമായി ദുരുപയോഗം ചെയ്യുന്നത്. ആശ്രിതക്കാരില്‍ അധികവും സെക്രട്ടേറിയറ്റ്  അസിസ്റ്റന്റ് തസ്തികയിലേക്ക്  നിയമനം നേടാനാണ്  ശ്രമിക്കുന്നത്. വളരെ വേഗം ഉദ്യോഗക്കയറ്റം ലഭിക്കുന്നതോടൊപ്പം  ഉന്നത സ്ഥാനത്ത് എളുപ്പം എത്തിച്ചേരാന്‍ സാധിക്കുമെന്നതിനാലാണ് സെക്രട്ടേറിയറ്റിലെ ജോലിക്ക് കുറുക്കു വഴി സ്വീകരിക്കുന്നത്. 

    പോലീസ് വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെ  മകള്‍ക്ക് ആശ്രിത നിയമനം വഴി പോലീസ് വകുപ്പില്‍ എല്‍ഡി ക്ലാര്‍ക്കായി നിയമനം ലഭിച്ചിരുന്നു. എന്നാല്‍ ആറു മാസത്തിനു ശേഷം സെക്രട്ടേറിയറ്റിലെ ധനകാര്യവകുപ്പില്‍ ജോലി നല്‍കി. പോലീസ് വകുപ്പില്‍ ജോലി ചെയ്ത ആറുമാസത്തെ സേവനത്തിന്റെ അടിസ്ഥാനത്തില്‍ സര്‍വ്വീസ് സീനിയോറിറ്റിയില്‍ ഇടം പിടിപ്പിക്കുകയും ചെയ്തു. ഒരു തസ്തികയില്‍ നിയമനം നേടിക്കഴിഞ്ഞാല്‍ പിന്നീട് മറ്റൊരു തസ്തികയിലോ വീണ്ടും ആശ്രിത നിയമനത്തിന് അര്‍ഹതയില്ല. ഈ നിയമനത്തിലൂടെ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് ചട്ടലംഘനമാണ് നടത്തിയിരിക്കുന്നത്. 

പിഎസ്‌സി പരീക്ഷ എഴുതി ജോലിയില്‍ പ്രവേശിച്ചവര്‍ പിന്നിലാവുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് നിമനം തരപ്പെടുത്തുന്നതിന് ചുക്കാന്‍ പിടിച്ചത്. ഇത്തരത്തില്‍ നിയമവിരുദ്ധമായി നിരവധി പേരാണ് സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളില്‍ ജോലിയില്‍ കടന്നു കൂടുന്നത്.

   മരിച്ച ജീവനക്കാരന്റെ കുടുംബത്തിന് സമാശ്വാസം നല്‍കുക മാത്രമാണ് ആശ്രിത നിയമനത്തിന്റെ ഉദ്ദേശ്യമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. അപേക്ഷകന്റെ സമൂഹത്തിലെ സ്ഥാനം ഉയര്‍ത്തുന്നതിനുള്ള ബാധ്യത സര്‍ക്കാരിനില്ലെന്നും അതിനാല്‍ വ്യവസ്ഥാപിത മാര്‍ഗങ്ങളെ അട്ടിമറിച്ച് ഉയര്‍ന്ന തസ്തികയില്‍ സമാശ്വാസ നിയമനം നടത്താന്‍ പാടില്ലെന്ന സുപ്രീം കോടതി വിധിയും നിലവിലുണ്ട്. ഇതെല്ലാം അട്ടിമറിക്കുയാണ്  സെക്രട്ടേറിയറ്റിലെ ഉന്നതലോബി. ഇതിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജീവനക്കാര്‍ പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും സ്വകരിച്ചില്ല. 

അജി ബുധന്നൂര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.