ലാദന്‍ വേട്ടയില്‍ മണംപിടിച്ചവര്‍ ഇന്ത്യയുടെ ഭീകരവിരുദ്ധ സംഘത്തില്‍ അണിചേരുന്നു

Thursday 19 July 2018 2:39 am IST

ന്യൂദല്‍ഹി: പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ അല്‍ ഖ്വയിദ ഭീകരന്‍ ഒസാമ ബിന്‍ ലാദന്‍ ഒളിച്ചിരുന്ന വീടിന്റെ കിടപ്പുമുറയിലേക്ക് അമേരിക്കന്‍ സൈന്യത്തെ നയിച്ച ബല്‍ജിയന്‍ മലിനോയിസുകള്‍ ഇന്ത്യയുടെ ഭീകരവിരുദ്ധ നീക്കങ്ങള്‍ക്കൊപ്പം ചേരുന്നു. മനുഷ്യനോട് അത്ര പെട്ടെന്ന് ഇണങ്ങാത്ത ഈ നായ്ക്കള്‍ അമേരിക്കന്‍ സൈന്യത്തിന്റെ ഒസാമ വേട്ടയ്ക്കു ശേഷമാണ് പ്രസിദ്ധരായത്. 

ദല്‍ഹി മെട്രോയുടേയും ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലിന്റേയും സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് സ്‌ഫോടക വസ്തുക്കള്‍ മണത്തു പിടിക്കാനും മറ്റും ബല്‍ജിയന്‍ മലിനോയിസുകളെ പരിശീലിപ്പിക്കാനൊരുങ്ങുന്നു. മെട്രോയും വിമാനത്താവളവും ചാവേറാക്രമണത്തിനു സാധ്യതയുള്ള പ്രദേശങ്ങളാണെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ തുടര്‍ച്ചയായ മുന്നറിയിപ്പിനെത്തുടര്‍ന്നാണിത്. 

ലാബര്‍ഡോര്‍, ജര്‍മന്‍ ഷെപ്പേര്‍ഡ് തുടങ്ങിയ ഇനങ്ങളില്‍പ്പെട്ട 63 നായ്ക്കളാണു സിഐഎസ്എഫിന്റെ മെട്രോ യൂണിറ്റിന്റെ ഡോഗ്‌സ്‌ക്വാഡില്‍ ഇപ്പോഴുള്ളത്. എന്നാല്‍ ചാവേറുകളെ മണത്തുപിടിക്കാനുള്ള ടെസ്റ്റുകളില്‍ ഇവ പരാജയപ്പെട്ടു. സ്‌ഫോടകവസ്തുക്കള്‍ ശരീരത്തില്‍ ഘടിപ്പിച്ച സിഐഎസ്എഫ് ജവാന്മാര്‍ ഒളിച്ചിരുന്നിട്ട് ഈ നായ്ക്കളെ വിടുകയായിരുന്നു. എന്നാല്‍ ഇവരം കണ്ടെത്താന്‍ ഈ നായ്ക്കള്‍ക്കു കഴിഞ്ഞില്ല. ഇതെത്തുടര്‍ന്നാണ് അമേരിക്കന്‍ സൈന്യത്തിന്റെ ഭീകരവിരുദ്ധനീക്കങ്ങളില്‍ മൂക്കുവിടര്‍ത്തി നില്‍ക്കുന്ന ബല്‍ജിയന്‍ മലിനോയിസുകളെക്കുറിച്ച് ആലോചിച്ചത്. 

രാജ്യത്തിപ്പോള്‍ അമ്പതിലധികം ബല്‍ജിയന്‍ മലിനോയിസുകളുണ്ട്. കാസിരംഗ നാഷണല്‍ പാര്‍ക്കില്‍ മൃഗവേട്ട തടയുന്നതിനും മറ്റുമാണ് മുമ്പു നിയോഗിച്ചിരുന്നത്. നിലവില്‍ കൈവശമുള്ള ഡോഗ്‌സ്‌ക്വാഡ് പരാജയപ്പെട്ടപ്പോഴാണ് ബല്‍ജിയന്‍ മലിനോയിസുകളെ കൂടുതല്‍ പരിശീലിപ്പിച്ച് ചാവേര്‍ വേട്ടയ്ക്കു നിയോഗിക്കുന്നതെന്ന് സിഐഎസ്എഫിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. വിദേശത്തു നിന്ന് ഈ ബ്രീഡിനെ വാങ്ങുന്നതടക്കമുള്ള കാര്യങ്ങലില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. 

2005ല്‍ ബരാക് ഒബാമയുടെ ഇന്ത്യ സന്ദര്‍ശനത്തില്‍ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി എത്തിയ അമേരിക്കന്‍ സംഘത്തിനൊപ്പം പ്രത്യേക പരിശീലനം നേടിയ ബല്‍ജിയന്‍ മലിനോയിസുകളെ  ദല്‍ഹിയില്‍ എത്തിച്ചിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.