പേരിനു പകരം എക്‌സ് എന്നു രേഖപ്പെടുത്തി; നടി നല്‍കിയ ഹര്‍ജി സ്വീകരിച്ചു

Thursday 19 July 2018 2:40 am IST

കൊച്ചി : വിചാരണക്ക് വനിതാ ജഡ്ജി വേണമെന്നാവശ്യപ്പെട്ടു ആക്രമിക്കപ്പെട്ട നടി പേരിനു പകരം 'എക്സ്' എന്നു രേഖപ്പെടുത്തി ഹര്‍ജി നല്‍കിയ നടപടി ഹൈക്കോടതി സ്വീകരിച്ചു. നടിയുടെ പേരും മേല്‍വിലാസവുമടക്കമുള്ള വിവരങ്ങള്‍ മുദ്രവെച്ച കവറില്‍ ഇതോടൊപ്പം നല്‍കിയിരുന്നു. ഇത് ഹൈക്കോടതി രജിസ്ട്രി സുരക്ഷിതമായി സൂക്ഷിക്കാനും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. 

പീഡനക്കേസുകളിലെ ഇരകളുടെ പേര് ഹൈക്കോടതിയില്‍ നല്‍കുന്ന ഹര്‍ജിയില്‍ രേഖപ്പെടുത്താമെങ്കിലും കോടതി രേഖകളിലോ വിധിയിലോ പേരും ആളെ തിരിച്ചറിയുന്ന വിവരങ്ങളുമുണ്ടാകരുതെന്ന് ഉറപ്പാക്കാന്‍ അടുത്തിടെ ഹൈക്കോടതി സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എന്നാല്‍ നടിയുടെ ഹര്‍ജിയില്‍ പോലും പേരുണ്ടായിരുന്നില്ല. പകരം എക്സ് എന്ന് രേഖപ്പെടുത്തി. പേരും മേല്‍വിലാസവുമുള്‍പ്പെടെയുള്ള വിവരങ്ങളും സത്യവാങ്മൂലവും  മുദ്രവെച്ച കവറില്‍ വേറെ നല്‍കി.

ഇത്തരമൊരു നടപടി കൂടുതല്‍ ഫലപ്രദവും നവീനവുമാണെന്ന് വിലയിരുത്തിയാണ് സിംഗിള്‍ ബെഞ്ച് അംഗീകരിച്ചത്. കേസിന്റെ വിചാരണ വനിതാ ജഡ്ജി അധ്യക്ഷയായ കോടതിയിലേക്ക് മാറ്റണമെന്നും കഴിയുമെങ്കില്‍ തൃശൂര്‍ ജില്ലയിലെ ഉചിതമായ കോടതി കേസ് പരിഗണിക്കണമെന്നുമാവശ്യപ്പെട്ടാണ് നടി ഹര്‍ജി നല്‍കിയത്. നേരത്തെ നടിയുടെ ഈ ആവശ്യം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.