വരുന്നു ജയില്‍ ടൂറിസം; പണം കൊടുത്താല്‍ ഒരു ദിവസം വിയ്യൂര്‍ ജയിലില്‍ കിടക്കാം

Thursday 19 July 2018 2:42 am IST

തൃശൂര്‍: ജയിലില്‍ കിടക്കാന്‍ ഇനി കുറ്റം ചെയ്യുകയോ അറസ്റ്റു വരിക്കുകയോ കോടതി വിധിക്കുകയോ വേണ്ട. പണം മുടക്കിയാല്‍ മാത്രം മതി. ഇരുപത്തിനാലു മണിക്കൂര്‍ മാന്യനായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടക്കാം. പദ്ധതി ജയില്‍ വകുപ്പ് സര്‍ക്കാരിന് കൈമാറി. 

വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഒരുങ്ങുന്ന ജയില്‍ മ്യൂസിയത്തോടനുബന്ധിച്ചാണ് ജയില്‍ ടൂറിസം പദ്ധതി നടപ്പാക്കുകയെന്ന് ജയില്‍ മേധാവി ആര്‍. ശ്രീലേഖ പറഞ്ഞു. ജയിലില്‍ വിനോദ സഞ്ചാരത്തിനെത്തുന്നവര്‍ക്ക് ജയില്‍ യൂണിഫോമില്‍, ജയില്‍ ഭക്ഷണം കഴിച്ച് ഒരു ദിവസം ജയിലില്‍ തങ്ങാന്‍ അവസരമുണ്ടാകും. എന്നാല്‍, യഥാര്‍ത്ഥ തടവു പുള്ളികളുമായി ഇടപഴകാന്‍ സാധിക്കില്ല. സാധാരണക്കാര്‍ക്ക് ജയില്‍ ജീവിതത്തെക്കുറിച്ച് അറിവുണ്ടാകുന്നതിന് വേണ്ടിയാണ് പദ്ധതിയെന്നും ശ്രീലേഖ പറഞ്ഞു.

ജയില്‍ മുറ്റത്ത് ഒരുങ്ങുന്ന മ്യൂസിയത്തില്‍ തൂക്കുമരം, ഏകാന്ത തടവുകാരെ പാര്‍പ്പിക്കുന്ന സെല്‍, രാജഭരണ കാലത്തേയും ബ്രിട്ടീഷ് ഭരണകാലത്തേയും വിലങ്ങുകള്‍, തൂക്കിലേറ്റാന്‍ പുറപ്പെടുവിക്കുന്ന ബ്ലാക്ക് വാറന്റ്, ആദ്യകാലത്തെ ജയില്‍ ഉദ്യോഗസ്ഥരുടെ വേഷം, പഴയ രേഖകള്‍,ചിത്രങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കും. പുറത്തുള്ളവരെ ജയിലില്‍ പ്രവേശിപ്പിക്കാന്‍ അനുവാദമില്ലാത്ത സാഹചര്യത്തിലാണ് സാധാരണക്കാര്‍ക്കും ജയില്‍ അനുഭവം മനസിലാക്കാന്‍ സംവിധാനമൊരുക്കുന്നത്.

മ്യൂസിയത്തിനും ജയില്‍ ടൂറിസം പദ്ധതിക്കുമായി സര്‍ക്കാര്‍ ആറു കോടി രൂപ അനുവദിച്ചു. മ്യൂസിയത്തിന്റെ രൂപരേഖ തയാറായി. തടവുകാരുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനുള്ള സ്റ്റാളും മ്യൂസിയത്തില്‍ സജ്ജീകരിക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.