സാങ്കേതിക കോളേജുകളിലെ യോഗ്യതയില്ലാത്തവര്‍; ഉടന്‍ നടപടിയെടുക്കണമെന്ന് സര്‍ക്കാറിനോട് ഹൈക്കോടതി

Thursday 19 July 2018 2:45 am IST

കൊച്ചി: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളില്‍ എഐസിടിഇ ചട്ടങ്ങള്‍ ലംഘിച്ച് ആനുകൂല്യങ്ങള്‍ നേടിയവര്‍ക്കെതിരെയുള്ള കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍  സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. വിദൂര വിദ്യാഭ്യാസം വഴി ബിരുദാനന്തര ബിരുദം നേടി വകുപ്പ് തലവന്മാരും പ്രിന്‍സിപ്പാള്‍മാരുമായവര്‍ക്കാണ് കോടതി വിധി വിനയാകുക. നിയമനം സംബന്ധിച്ച് വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് നടപടിയെടുക്കാനാണ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയും ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാരും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. 

2013 ജൂലായ് ഒന്നുമുതലാണ് എഐസിടിഇ പേ സ്‌കീം സംസ്ഥാനത്ത് നടപ്പിലാക്കിയത്. സര്‍ക്കാര്‍ എയ്ഡഡ് സാങ്കേതിക വിദ്യാഭ്യാസ കോളേജുകളിലെ അധ്യാപകര്‍ക്കും വകുപ്പുതലവന്‍മാര്‍ക്കും പ്രധാന അധ്യാപകര്‍ക്കുമായാണ് ഇത് നടപ്പിലാക്കിയത്. അതനുസരിച്ച് വകുപ്പ് തലവന്‍, പ്രിന്‍സിപ്പാള്‍ തസ്തികകള്‍ക്ക് എഞ്ചിനിയറിംഗില്‍ ബിരുദാനന്തര ബിരുദം നിര്‍ബന്ധമാക്കി. എന്നാല്‍, പലരും തമിഴ്‌നാട്ടില്‍ നിന്ന് വീക്കെന്‍ഡ് കോഴ്‌സിലൂടെയാണ് ബിരുദാനന്തര ബിരുദം നേടിയത്. ഇതുവഴി അഞ്ചു വര്‍ഷമായി യോഗ്യതയില്ലാത്തവരാണ് എഐസിടിഇ പേ സ്‌കീം അനുകൂല്യങ്ങള്‍ നേടിയത്. 

വിജിലന്‍സിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സാങ്കേതിക വിദ്യാഭ്യാസവകുപ്പ് വിഷയം പഠിക്കാന്‍ കമ്മിറ്റി രൂപീകരിച്ചു. 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. പിന്നീട് നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് യൂണിവേഴ്‌സിറ്റി കോളേജിലെ റിട്ട. അസോസിയേറ്റ് പ്രൊഫസറായ ഡോ.എം.കെ ശ്രീധര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എഐസിടിഇ ചട്ടപ്രകാരം റെഗുലര്‍ കോഴ്‌സുകള്‍ക്ക് മാത്രമാണ് അംഗീകാരമുള്ളത്. അതുകൊണ്ടുതന്നെ വിദൂര വിദ്യാഭ്യാസം വഴി ജോലി നേടിയവര്‍ക്ക് എഐസിടിഇ പേസ്‌കെയിലിന് അര്‍ഹതയില്ല. ഇതുകണക്കിലെടുത്താണ് ഹൈക്കോടതി ഉത്തരവിട്ടത്. ഉത്തരവ് കൈപ്പറ്റി മൂന്നുമാസത്തിനകം അന്തിമ തീരുമാനം കൈക്കൊള്ളണമെന്നാണ് നിര്‍ദേശം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.