ബാര്‍ജ് എത്തിയത് ആരും അറിഞ്ഞില്ല; തീരസുരക്ഷ ആശങ്കയില്‍

Thursday 19 July 2018 2:45 am IST

ആലപ്പുഴ: അമ്പലപ്പുഴ നീര്‍ക്കുന്നം തീരത്ത് കൂറ്റന്‍ വിദേശബാര്‍ജ് അടിഞ്ഞ സംഭവം സുരക്ഷാ ക്രമീകരണങ്ങലുടെ പാളിച്ചയെന്നു വിലയിരുത്തല്‍. നടുക്കടലില്‍ മണിക്കൂറുകളോളം ഒഴുകിയതിനു ശേഷമാണു തിങ്കളാഴ്ച പുലര്‍ച്ചെ ബാര്‍ജ് നീര്‍ക്കുന്നത്തെത്തിയത്. 

ഞായറാഴ്ച രാത്രി മുതല്‍ ഡോക്ക് അര്‍ത്തുങ്കല്‍ പ്രദേശത്ത് മത്സ്യത്തൊഴിലാളികള്‍ കണ്ടിരുന്നു. ഇതിനുശേഷമാണ് മണിക്കൂറുകളോളം കടലില്‍ ഒഴുകി നീര്‍ക്കുന്നത്തെത്തിയത്.  എന്നാല്‍ തീരത്ത് ബാര്‍ജ് എത്തി മണിക്കൂറുകള്‍ക്കു ശേഷമാണു അധികൃതര്‍ വിവരമറിയുന്നത്. തീരദേശ പോലീസും അമ്പലപ്പുഴ പോലീസും റവന്യൂഉദ്യോഗസ്ഥരുമൊക്കെ സ്ഥലത്തെത്തിയെങ്കിലും  കരയില്‍ വെറും കാഴ്ചക്കാരായിരുന്നു.  

  ബാര്‍ജ് എവിടെനിന്ന് എങ്ങോട്ടു പോകുന്നെന്നോ എങ്ങനെ ഇവിടെയെത്തിയെന്നോ ആര്‍ക്കുമറിയില്ലായിരുന്നു. ഒടുവില്‍ വൈകിട്ട് അഞ്ചരയോടെ കപ്പല്‍ കമ്പനി അധികൃതര്‍ ഇവിടെയെത്തിയപ്പോള്‍ മാത്രമാണ് കാര്യങ്ങളില്‍ വ്യക്തത വന്നത്. കോസ്റ്റ് ഗാര്‍ഡും നേവിയുമറിയാതെ മണിക്കൂറുകള്‍ കടലില്‍ ബാര്‍ജ് ഒഴുകി നടന്നത് വന്‍ സുരക്ഷാ വീഴ്ചയായാണു കരുതുന്നത്. 

  12 നോട്ടിക്കല്‍ മൈല്‍ അകലെ മാത്രമേ കപ്പലുകള്‍ക്കു സഞ്ചരിക്കാന്‍ അനുവാദമുള്ളൂ. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്താണു കേന്ദ്ര സര്‍ക്കാര്‍ ഈ നിര്‍ദേശം നടപ്പാക്കിയിരിക്കുന്നത്. ഇതു ലംഘിച്ചാല്‍ നടപടി സ്വീകരിക്കേണ്ടത് കോസ്റ്റ് ഗാര്‍ഡാണ്. എന്നാല്‍ നീര്‍ക്കുന്നത്ത് ബാര്‍ജ് തീരത്ത് എത്തിയിട്ടും കോസ്റ്റ് ഗാര്‍ഡുള്‍പ്പടെയുള്ള ഒരു സംവിധാനവും അറിഞ്ഞില്ല.

  24 മണിക്കൂറും കടലില്‍ പട്രോളിങ് നടത്തേണ്ട കോസ്റ്റ് ഗാര്‍ഡിന്റെ വീഴ്ചയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ബാര്‍ജില്‍ എന്താണുള്ളതെന്ന് പരിശോധിക്കാനുള്ള സംവിധാനം പോലും തീരത്തില്ല.  കടല്‍ത്തീരങ്ങള്‍ കേന്ദ്രീകരിച്ച് എന്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നാലും ആരും അറിയില്ല എന്നതിന്റെ നേര്‍സാക്ഷ്യമാണ് ഈ സംഭവം. 

 തീരദേശ സുരക്ഷയുടെ ഭാഗമായി  നടത്തുന്ന മോക് ഡ്രില്ലും ഇതോടെ പ്രഹസനമാണെന്ന് ബോധ്യപ്പെടുന്നു. കോടികള്‍ മുടക്കി തീരത്തിന്റെ സുരക്ഷക്കായി സംസ്ഥാന സര്‍ക്കാര്‍ കോസ്റ്റല്‍ പോലീസിന് നല്‍കിയ ബോട്ടുകള്‍ നോക്കുകുത്തിയായി മാറിയതും തീരസുരക്ഷ അപകടത്തിലാക്കിയിരിക്കുകയാണ്. തീരദേശ ജാഗ്രതാ സമിതികളും കടലാസില്‍ ഒതുങ്ങി. 

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.