വെള്ളപ്പൊക്കക്കെടുതി രൂക്ഷം; കുട്ടനാട് ഒറ്റപ്പെട്ടു

Thursday 19 July 2018 2:51 am IST

ആലപ്പുഴ: മഴയ്ക്ക് നേരിയ ശമനം ഉണ്ടെങ്കിലും ആലപ്പുഴ ജില്ലയില്‍ ദുരിതത്തിന് കുറവില്ല. കുട്ടനാട്ടിലെ കെടുതി  രൂക്ഷമാണ്. ജില്ലയില്‍ ഏഴായിരത്തോളം കുടുംബങ്ങളിലെ മൂപ്പതിനായിരത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. കുട്ടനാട് താലൂക്കില്‍ 222 കേന്ദ്രങ്ങളിലായി ഇരുപതിനായിരത്തോളം കുടുംബങ്ങളില്‍ നിന്നുള്ള എണ്‍പതിനായിരം പേര്‍ക്കാണ് ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്യുന്നത്. 

 കുട്ടനാട്ടില്‍ കൃഷി വകുപ്പിന്റെ കണക്കുപ്രകാരം 7316 ഹെക്ടര്‍ പാടശേഖരം വെള്ളപ്പൊക്കം മൂലം നാശത്തിലായി.  128 പാടശേഖരങ്ങളെ ഇത് ബാധിച്ചു. ബണ്ട് തകര്‍ന്നതുമൂലം 992 ഹെക്ടര്‍ പാടശേഖരം തകര്‍ച്ച നേരിട്ടു. തകര്‍ന്ന ബണ്ടുകള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടില്ല.  നൂറുകണക്കിന് കുടുംബങ്ങളാണ് വെള്ളക്കെട്ടില്‍പ്പെട്ടിരിക്കുന്നത്. കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായി തുടരുന്നതാണ് പ്രധാന പ്രശ്‌നം. രണ്ടാംകൃഷി പുരോഗമിക്കുന്ന പാടശേഖരങ്ങളില്‍ വ്യാപകമായി  മടവീഴ്ചയുണ്ടാകുന്നത് കര്‍ഷകരെ ആശങ്കയിലാക്കി. 

 ഇന്നലെ 1,040 ഏക്കര്‍ പുളിങ്കുന്ന് അയ്യനാട് പാടത്ത് മട വീണു. കുട്ടനാട്ടില്‍ രണ്ടാം കൃഷിയുള്ള ഏറ്റവും വലിയ പാടശേഖരമാണിത്. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിട്ട് മൂന്ന് ദിവസമായി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.