മഴയില്‍ അപകടം; രണ്ടുപേര്‍ മരിച്ചു

Thursday 19 July 2018 2:53 am IST

ശാസ്താംകോട്ട: കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടത്തില്‍പ്പെട്ട് കുന്നത്തൂര്‍ താലൂക്കില്‍ രണ്ട് പേര്‍ മരിച്ചു. വെള്ളം കയറി കിടന്ന കിണറ്റില്‍ കാല്‍ വഴുതി വീണ വൃദ്ധയും കനത്ത മഴ പെയ്യുന്നതിനിടെ നടന്നുപോയ ഗൃഹനാഥന്‍ കാല്‍ വഴുതിവീണ് പാറയിലിടിച്ചുമാണ് മരിച്ചത്. 

പടിഞ്ഞാറെ കല്ലട കാരാളിമുക്ക് പെട്രോള്‍ പമ്പിന് സമീപം നെടുംതറയില്‍ ഭാസ്‌കരന്റെ ഭാര്യ നളിനിയാണ് (73) വീട്ടുപറമ്പിലെ ഉപയോഗശൂന്യമായ കിണറ്റില്‍ അബദ്ധത്തില്‍ വീണ് മരിച്ചത്. കനത്ത മഴയെ തുടര്‍ന്ന് മുറ്റത്തും പറമ്പിലും വെള്ളം കയറി കിടന്നതിനാല്‍ മൂടിയില്ലാത്ത കിണര്‍ കാണാതിരുന്നതാണ് അപകട കാരണം. കിണറ്റില്‍ വീണ നളിനിയെ ഭര്‍ത്താവും നാട്ടുകാരും ചേര്‍ന്ന് രക്ഷിക്കാന്‍ ശ്രമിച്ചങ്കിലും വെള്ളത്തില്‍ താണുപോയി. ഒടുവില്‍ ശാസ്താംകോട്ട നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മക്കള്‍: സുമ, ഷീജ. മരുമക്കള്‍: സുനില്‍ സന്തോഷ്. 

കരുനാഗപ്പള്ളി വടക്കുംതല കന്നിമൂല വീട്ടില്‍ ജലാലുദീന്‍ കുഞ്ഞ് (65) കാല്‍വഴുതി വീണാണ് മരിച്ചത്. മകള്‍ സലീലയുടെ വീടായ മൈനാഗപ്പള്ളി ഈഴത്തയ്യത്ത് പടിഞ്ഞാറ്റതില്‍ നിന്നും തിങ്കളാഴ്ച പുലര്‍ച്ചെ പള്ളിയിലേക്ക് നടന്നു പോകവെ മഴയെ തുടര്‍ന്ന് കാല്‍ വഴുതി വീഴുകയായിരുന്നു. പാറയില്‍ വയറിടിച്ച് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.