സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്ക് സാങ്കേതിക വിദ്യയിലൂടെ പരിഹാരം കാണണം: പ്രൊഫ. കെ. വിജയ്‌രാഘവന്‍

Thursday 19 July 2018 2:55 am IST

തിരുവനന്തപുരം: സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിലൂടെയും പ്രയോഗിക്കുന്നതിലുടെയും സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ യുവ ശാസ്ത്രജ്ഞര്‍ ശ്രമിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യശാസ്‌ത്രോപദേഷ്ടാവ് പ്രൊഫ. കെ. വിജയ്‌രാഘവന്‍ പറഞ്ഞു. ബഹിരാകാശ ശാസ്ത്ര പഠനത്തിനും, ഗവേഷണത്തിനുമായുള്ള കല്‍പിത സര്‍വ്വകലാശാലയായ തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ്‌ടെക്‌നോളജിയുടെ (ഐഐഎസ്റ്റി) ആറാമത് ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉപകരണങ്ങളും സാങ്കേതികവിദ്യയും സാംസ്‌കാരിക പരിണാമവും മനുഷ്യനെ മറ്റുള്ള ജീവികളില്‍ നിന്നും വ്യത്യസ്തനാക്കി. സാങ്കേതിക വിദ്യകള്‍ വികസിച്ചപ്പോള്‍ നേട്ടങ്ങള്‍ക്കൊപ്പം ദ്രോഹങ്ങളും മനുഷ്യന്‍ ഭൂമിയോട് ചെയ്തു. ഓസോണ്‍ പാളിക്ക് വിള്ളലേല്‍പ്പിച്ചത് ഭാവിതലമുറയ്ക്ക് കനത്ത ഭീഷണി സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൃഷിയുടെ വളര്‍ച്ചയ്ക്കും മാലിന്യ സംസ്‌കരണത്തിനും മലിനീകരണതോത് നിയന്ത്രിക്കുന്നതിനുമുള്ള പരിഹാരം സാങ്കേതിക വിദ്യയിലൂടെ കണ്ടെത്തണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് മെഡലുകള്‍ അദ്ദേഹം വിതരണം ചെയ്തു. 

തുമ്പ വിക്രംസാരാഭായ് ബഹിരാകാശകേന്ദ്രത്തിലെ ഡോ. ശ്രീനിവാസന്‍ ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഐഐഎസ്ടി ചാന്‍സലര്‍ ഡോ. ബി.എന്‍. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ. ശിവന്‍, ഐഐഎസ്റ്റി ഭരണസമിതി അദ്ധ്യക്ഷന്‍ ഡോ. വി.കെ. ദധ്വാള്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.