കഴിഞ്ഞവര്‍ഷം വീരമൃത്യുവരിച്ചത് 106 സൈനികര്‍

Thursday 19 July 2018 2:56 am IST

ന്യൂദല്‍ഹി: എട്ട് ഉദ്യോഗസ്ഥരുള്‍പ്പെടെ 2017ല്‍ 106 സൈനികര്‍ വീരമൃത്യു വരിച്ചതായി കേന്ദ്ര സര്‍ക്കാര്‍.  155 സൈനികര്‍ക്ക് പരിക്കേറ്റു. അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ ലംഘനം, നിയന്ത്രണ രേഖയിലെ വെടിവെപ്പ്, ഭീകരരുമായുള്ള ഏറ്റുമുട്ടല്‍, സ്‌ഫോടനം, ഹിമപാതം തുടങ്ങിയ സംഭവങ്ങളിലാണ് ജീവഹാനിയുണ്ടായത്. 98 ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാരും കൊല്ലപ്പെട്ടവരിലുള്‍പ്പെടുന്നു. 2017-18ല്‍ എട്ട് എയര്‍ക്രാഫ്റ്റ് അപകടങ്ങളില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടതായി പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെ ലോക്‌സഭയെ അറിയിച്ചു.  

 വിരമിച്ച ഉദ്യോഗസ്ഥര്‍ക്കും സൈന്യത്തിലെ നിലവിലെ ഉദ്യോഗസ്ഥരുടെ ബന്ധുക്കള്‍ക്കും പ്രതിരോധ മേഖലയിലുള്ള സ്വകാര്യ കമ്പനികളില്‍ പ്രവര്‍ത്തിക്കുന്നതിന് വിലക്കില്ലെന്ന് ചോദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി. കേന്ദ്ര സര്‍വീസില്‍ ഗ്രൂപ്പ് എ വിഭാഗത്തില്‍ വരുന്ന ഉദ്യോഗസ്ഥര്‍ക്ക് വിരമിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പ് സ്വകാര്യ കമ്പനിയില്‍ പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെന്ന് ചട്ടമുണ്ട്.

രഹസ്യ സ്വഭാവത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നോ, ജോലി ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥാപനത്തിന്റെ താത്പര്യങ്ങള്‍ തുടങ്ങിയവ പരിശോധിച്ചാണ് സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. കരസേനയില്‍ 1561, വ്യോമസേനയില്‍ 1610, നാവിക സേനയില്‍ 489 എന്നിങ്ങനെയാണ് സൈന്യത്തിലെ വനിതാ ഉദ്യോഗസ്ഥരുടെ കണക്കെന്നും  മന്ത്രി പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.