നിരോധിത ഭീകരസംഘടന ഹര്‍ക്കത്തുല്‍ മുജാഹിദീനുമായി കൈകോര്‍ത്ത് ഇമ്രാന്‍ ഖാന്‍

Thursday 19 July 2018 2:57 am IST

ഇസ്ലാമാബാദ്: മുന്‍ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി പാക്കിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫി (പിടിഐ)ന് നിരോധിത ഭീകരസംഘടനയായ ഹര്‍ക്കത്തുല്‍ മുജാഹിദീന്റെ പിന്തുണ. പിന്തുണ ലഭിച്ച കാര്യം പാര്‍ട്ടി സീനിയര്‍ വൈസ് പ്രസിഡന്റും ഇമ്രാന്‍ ഖാന്റെ വലംകൈയുമായ ആസാദ് ഉമര്‍ തന്നെയാണ് പാര്‍ട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം മാധ്യമങ്ങള്‍ക്കു മുമ്പില്‍ അംഗീകരിച്ചുകൊണ്ട് വൈകാതെ ഹര്‍ക്കത്തുല്‍ മുജാഹിദീന്‍ നേതാവ്, ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ച ഫസ്ലുര്‍ റഹ്മാന്‍ ഖലിലും രംഗത്തെത്തി. ജൂലൈ 25നാണ് പാക്കിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ്. 

ഫസ്ലുര്‍ റഹ്മാന്‍ ഖലില്‍ ഇമ്രാന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നു. പാര്‍ട്ടിയുടെ ഇസ്ലാമാബാദിലെ പ്രചരണത്തില്‍ ഫസ്ലുര്‍ പങ്കെടുത്തു.  റാവല്‍പിണ്ടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖലിലുമായി ധാരാളം ഭീകരവാദസംഘടനകള്‍ക്കും പാക് സൈന്യത്തിനും ബന്ധമുണ്ട്.

1997ല്‍ യുഎസ് നിരോധിച്ചതിനെ തുടര്‍ന്ന് അന്‍സര്‍ ഉല്‍ ഉമ മറ്റൊരു സംഘടന രൂപീകരിച്ചു ഖലില്‍. ഹര്‍ക്കത്തുല്‍ മുജാഹിദീനുമായി ഈ സംഘടനയ്ക്ക്  ബന്ധമുണ്ടെന്ന് അമേരിക്ക സ്ഥിരീകരിച്ചു. ഇന്ത്യ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നടക്കുന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഖലിലിന്റെ ഹര്‍ക്കത്തുല്‍ മുജാഹിദീനാണെന്ന് യുഎസ് കണ്ടെത്തിയിരുന്നു. 

പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മില്ലി മുസ്ലീം ലീഗ് ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. ഇവര്‍ പിന്നീട് അല്ലാഹു അക്ബര്‍ തെഹ്‌രീക് എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ച് ഇലക്ഷന്‍ കമ്മീഷന്‍ മുമ്പാകെ രജിസ്റ്റര്‍ ചെയ്ത് തെരഞ്ഞെടുപ്പിന് സജ്ജമായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് നിരോധിത സംഘടനയായ ഹര്‍ക്കത്തുല്‍ മുജാഹിദീന്‍ ഇമ്രാന്‍ ഖാന്റെ രാഷ്ട്രീയപാര്‍ട്ടിയുമായി ചേര്‍ന്ന് പാക്കിസ്ഥാനില്‍ സജീവമാകാനുള്ള വഴികള്‍ കണ്ടെത്തുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.