ഹിമയുടെ കണ്ണുനീര്‍ പറയുന്നത്

Thursday 19 July 2018 3:03 am IST

ഹിമ ദാസ് എന്ന ഇന്ത്യന്‍ അത്‌ലറ്റിന്റെ കവിളിലൂടെ ഒഴുകിയിറങ്ങിയ ആ കണ്ണുനീര്‍ ഒട്ടേറെ കാര്യങ്ങള്‍ നമ്മോടു പറയുന്നുണ്ടായിരുന്നു. ഏറെ  സന്ദേശങ്ങള്‍ അതിലടങ്ങിയിരുന്നു. ഒരു അത്‌ലറ്റിന്റെ സംതൃപ്തിയുടേയും അഭിമാനത്തിന്റെയും ദേശീയബോധത്തിന്റെയും കൊടുമുടിയില്‍ നിന്നാണ് അത് ഉത്ഭവിച്ചത്. ആ നിമിഷങ്ങളില്‍ ആ  കുട്ടി അതൊന്നും തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. അതിനുള്ള മാനസികാവസ്ഥയിലുമായിരിക്കില്ല. ആ വലിയ യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ ഹിമയേപ്പോലെ തന്നെ അത്‌ലറ്റിക് ലോകം മനസ്സിനെ പാകപ്പെടുത്തിവരുന്നതേ ഉണ്ടായിരുന്നുള്ളു. പക്ഷെ, പറഞ്ഞറിയിക്കാനാവാത്ത ഒരു വികാരം അവളുടെ ഉള്ളില്‍ തിരതല്ലിയിട്ടുണ്ടാവും. സിരകളിലൂടെ വല്ലാത്തൊരു ഊര്‍ജം, വൈദ്യുതി പ്രവാഹം പോലെ കടന്നുപോയിട്ടുണ്ടാവും. 

ലോക അണ്ടര്‍ 20 അത്‌ലറ്റിക്‌സിലെ വിജയപീഠത്തിന്റെ ഒന്നാം പടിയില്‍  നില്‍ക്കുമ്പോഴാണ് ഹിമയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയത്. സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ന്നു പാറുന്നു. പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ദേശീയഗാനത്തിന്റെ അലയൊലി. എന്റെ രാജ്യം എന്ന വികാരം ഉള്ളിലുള്ളവര്‍ക്ക് അതൊരു അവാച്യമായ അനുഭവമായിരിക്കും. കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രതിനിധിയായി വിജയപീഠത്തില്‍ നില്‍ക്കുന്ന നിമിഷം. എന്റെ രാജ്യത്തിനു വേണ്ടി ഞാന്‍ ഇതു നേടി എന്ന ചിന്ത. കരഞ്ഞുപോകും. ഗാലറിയിലും ടിവികള്‍ക്കു മുന്നിലും ഇരുന്ന് ആ രംഗം കണ്ടാല്‍ നമ്മുടെ കണ്ണുകളും നിറയും. നിറഞ്ഞിട്ടുണ്ട്. പിന്നെയല്ലേ വിജയപീഠത്തില്‍ നില്‍ക്കുന്ന അത്‌ലറ്റിന്റെ കാര്യം! 

ഒളിംപിക്‌സില്‍ മെഡലണിഞ്ഞ അഭിനവ് ബിന്ദ്രയും രാജ്യവര്‍ധന്‍ റാത്തോഡും സൈനയും ലിയാന്‍ഡര്‍ പെയ്‌സും മല്ലേശ്വരിയും ഹോക്കി താരങ്ങളും എല്ലാം ഇതേ വികാരം അനുഭവിച്ചിട്ടുണ്ടാവും. സിന്ധുവും യോഹന്നാനും സുരേഷ് ബാബുവും ഉഷയും വല്‍സമ്മയും അഞ്ജുവും ബീനാമോളും മറ്റും എത്രയോ തവണ രാജ്യാന്തര മല്‍സര വേദികളില്‍ അത് അനുഭവിച്ചിരിക്കുന്നു. അവരിലൂടെ നമ്മിലേയ്ക്കു പ്രസരിക്കുന്ന ഒരു വികാരമുണ്ട്. ഇന്ത്യക്കാരായതില്‍ നമ്മേയൊക്കെ അഭിമാനംകൊള്ളിക്കുന്ന വികാരം. കോരിത്തരിച്ചു പോകും. കോടിക്കണക്കിന് ഇന്ത്യക്കാരെ ഒരേ ചരടില്‍ കോര്‍ത്തിണക്കുന്ന വികാരം. അതാണ് കായിക രംഗത്തിന്റെ യഥാര്‍ഥ ശക്തി. ആ ശക്തിയുടെ ഉറവിടമാണ് ദേശീയ ഗാനവും ദേശീയ പതാകയും.  ഞാന്‍ ഇന്ത്യക്കാരന്‍... എന്ന് ഉറക്കെ വിളിച്ചു കൂവാന്‍ തോന്നുന്ന നിമിഷം. 

ലണ്ടനിലെ ലോര്‍ഡ്‌സില്‍ കപില്‍ ദേവും കൂട്ടരും ക്രിക്കറ്റ് ലോകകപ്പ് നേടിയപ്പോഴും ക്വാലലംപൂരില്‍ ഇന്ത്യ ലോകകപ്പ് ഹോക്കി ഫൈനലില്‍ പാക്കിസ്ഥാനെ കീഴടക്കിയപ്പോഴും ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയെ കിരീടമണിയിച്ചുകൊണ്ട് ആ വെളുത്ത പന്ത് ശ്രീശാന്തിന്റെ കൈകളില്‍ ചെന്ന് ഇറങ്ങിയപ്പോഴും കളത്തിനു പുറത്തിരുന്നും ഇതേ വികാരം അനുഭവിച്ചിരുന്നു. ഇന്ത്യക്കാര്‍ അത് അനുഭവിച്ചിരുന്നു. നിര്‍ണായക രാജ്യാന്തര മല്‍സരങ്ങളില്‍ ഓരോ പോയിന്റു നേടുമ്പോഴും പുറത്തു പാറിപ്പറക്കുന്ന ദേശീയ പതാകയെ നോക്കി ആര്‍ത്ത് അട്ടഹസിക്കുന്ന ലിയാന്‍ഡര്‍ പെയ്‌സും എന്റെ ഹെല്‍മറ്റില്‍ പതിച്ച ദേശീയ പതാകയാണ് എന്റെ ഏറ്റവും വലിയ കരുത്തെന്നു പറഞ്ഞ സച്ചിന്‍ തെന്‍ഡുല്‍ക്കറും ഇതേ വികാരമാണു പങ്കുവച്ചത്. 

ലോകകപ്പ് ഫുട്‌ബോളിന്റെ ദിനങ്ങളാണല്ലോ കടന്നുപോയത്. ഓരോ മല്‍സരത്തിനും മുന്‍പ് കളിക്കുന്ന ടീമുകളുടെ ദേശീയ ഗാനം ആലപിക്കുമ്പോള്‍ ആ കളിക്കാരുടെ മുഖത്തു നോക്കിയാല്‍ മനസ്സിലാകും അവരുടെ ഉള്ളിലെ വികാരം. നെഞ്ചില്‍ കൈചേര്‍ത്തു നില്‍ക്കുന്ന കളിക്കാരില്‍  പലരുടേയും കണ്ണുകളില്‍, ഹീമയുടെ കണ്ണിലെ അതേ വികാരം കാണാമായിരുന്നു. ഞാന്‍ ... എന്റെ രാജ്യത്തിനു വേണ്ടി... എന്ന ചിന്ത. വിസില്‍ മുഴങ്ങിയാല്‍, പീരങ്കിപ്പടപോലെ ഇരച്ചുകയറാനുള്ള ആവേശവും ഊര്‍ജവും അവരില്‍ നിറയ്ക്കുന്നത് ഈ വികാരമായിരിക്കും. ഒരു ഉത്തേജകത്തിനും കൊടുക്കാനാകാത്ത ശക്തി അത് അവരില്‍ നിറയ്ക്കും. ആ വികാരത്തിന്റെ പേരാണ് ദേശാഭിമാനം. അതിന്റെ പാരമ്യത്തിലായിരുന്നു ഹിമ എന്ന ആസാംകാരി പെണ്‍കുട്ടി. ലോക വേദിയിലെ ട്രാക്കില്‍ സ്വര്‍ണമണിയുന്ന ആദ്യ ഇന്ത്യന്‍ വനിതയാണു താനെന്നതൊന്നും ഹിമയുടെ മനസ്സില്‍ അപ്പോള്‍ ഉണ്ടായിരുന്നിരിക്കില്ല. പക്ഷേ, അവള്‍ നിശബ്ദമായി നമ്മോടു ചിലതു പറഞ്ഞു. ട്രാക്കില്‍ അമേരിക്കക്കാരിയും റുമേനിയക്കാരിയും അടക്കമുള്ളവരെ കടന്നു കുതിച്ചപ്പോഴുണ്ടായിരുന്ന കരുത്തിന്റെ നൂറിരട്ടി ശക്തിയുണ്ടായിരുന്നു ആ നിശബ്ദതയ്ക്ക്. അതു മനസ്സിലാകണമെങ്കില്‍ ദേശീയഗാനത്തിന്റെയും ദേശീയ പതാകയുടേയും വിലയറിയണം. അതു പ്രതിനിധീകരിക്കുന്ന വികാരത്തിന്റെ മൂല്യമറിയണം. അതൊക്കെ വിവാദങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കുമുള്ള വെറും ഉപകരണങ്ങളല്ലെന്ന തിരിച്ചറിവെങ്കിലും വേണം. 

ബാക്കിപത്രം: 

കളത്തിനു പുറത്തുനിന്ന് ഇതേ വികാരം ഇതേ ശക്തിയോടെ സിരകളിലെത്തിയ ദിവസമാണ് 1998 മെയ് 11:  അന്നാണ്, ദേശീയ പതാകയോടു ചേര്‍ന്നുനിന്ന് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി പ്രഖ്യാപിച്ചത്: ഇന്ത്യ ആണവ വിസ്‌ഫോടനം നടത്തിയിരിക്കുന്നു! 

കെ. എന്‍. ആര്‍.  നമ്പൂതിരി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.