വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പു വരുത്തണം

Thursday 19 July 2018 3:04 am IST

വിദ്യാര്‍ഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി നിര്‍ദ്ദേശങ്ങള്‍ നിലവില്‍ ഉണ്ടെങ്കിലും അവയില്‍ ഭൂരിഭാഗവും പലപ്പോഴും പാലിക്കപ്പെടാറില്ല. ജീര്‍ണ്ണതാവസ്ഥയില്‍ ഉള്ളതോ ഭാഗികമായി നിലനില്‍ക്കുന്നതോ പണി പൂര്‍ത്തിയാകാതെ നിര്‍ത്തിവെച്ചിരിക്കുന്നതോ ആയ സംസ്ഥാനത്തെ സ്‌കൂള്‍ കെട്ടിടങ്ങള്‍ ബന്ധപ്പെട്ട എന്‍ജിനീയറിങ് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഉറപ്പുവരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുവാന്‍ പ്രധാനാധ്യാപകര്‍ക്കും വിദ്യാഭ്യാസ ഓഫിസര്‍മാരും ശ്രദ്ധിക്കണം. 

ഓരോ അധ്യയന വര്‍ഷവും സ്‌കൂളുകള്‍ തുറക്കുന്നതിനു മുന്‍പ് സ്‌കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ബന്ധപ്പെട്ട എന്‍ജിനീയര്‍ പരിശോധിച്ച് ഉറപ്പുവരുത്തി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങി ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫിസര്‍ക്ക് നല്‍കണമെന്ന നിര്‍ദ്ദേശം പലപ്പോഴും പാലിക്കപ്പെടാറില്ല. മഴക്കാലം ശക്തി പ്രാപിച്ചതോടെ സ്‌കൂള്‍ കെട്ടിടങ്ങളുടെ അവസ്ഥ പലയിടങ്ങളിലും കൂടുതല്‍ പരിതാപകരമായിരിക്കുകയാണ്. ഇക്കുറി അധ്യയന വര്‍ഷം തുടങ്ങുന്നതിനു മുമ്പായി സ്‌കൂള്‍ കെട്ടിടങ്ങളുടെ പരിസരത്ത് അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങളും മറ്റും മുറിച്ച് മാറ്റുകയും സ്‌കൂളുകള്‍ സന്ദര്‍ശിച്ചു കുട്ടികളുടെ സുരക്ഷ സംബന്ധമായ ക്രമീകരണങ്ങള്‍ വിലയിരുത്തണമെന്ന് എല്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കും വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടായിരുന്നെങ്കിലും പലയിടത്തും ഇത് പാലിക്കപ്പെട്ടിട്ടില്ല.

സ്‌കൂളിനോട് ചേര്‍ന്ന് അപകടാവസ്ഥയിലുള്ള വൈദ്യുത പോസ്റ്റുകള്‍, വൈദ്യുത കണക്ഷനുകള്‍ എന്നിവ പരിശോധിക്കുകയും അപകടാവസ്ഥ പരിഹരിക്കുകയും ചെയ്യണം. ഇതിന്റെ ചുമതല ബന്ധപ്പെട്ട കെഎസ്ഇബി ഓഫീസുകള്‍ക്കാണ് ഇതും സമയാസമയങ്ങളില്‍ നടക്കുന്നില്ല. സ്‌കൂള്‍ കോമ്പൗണ്ടുകളുടെ പരിസരങ്ങളിലുള്ള വെള്ളക്കെട്ടുകള്‍, കുളങ്ങള്‍, കിണറുകള്‍ എന്നിവ അപകട രഹിതമാണെന്ന് ഉറപ്പുവരുത്തണം. കുട്ടികളെ സ്‌കൂളിലേക്ക് വിളിച്ചു കൊണ്ടുവരുന്നതിനും തിരികെ വീട്ടില്‍ എത്തിക്കുന്നതിനും സ്‌കൂള്‍ അധികൃതര്‍ ഒരുക്കിയിരിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയും കര്‍ശനമാക്കണം. വേണ്ടത്ര പരിചയം ഇല്ലാത്തവരും അംഗവൈകല്യമുള്ളവരും കാഴ്ച, കേള്‍വി കുറവുള്ളവരും സ്‌കൂള്‍ വാഹനത്തിന്റെ െ്രെഡവറോ ക്ലീനറോ ആയി ജോലി ചെയ്യുന്നില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പുവരുത്തണം. വിദ്യാഭ്യാസ ഓഫിസര്‍മാര്‍ വിളിച്ചുചേര്‍ക്കുന്ന പ്രധാന അധ്യാപകരുടെ മീറ്റിങ്ങുകളില്‍ സ്‌കൂള്‍ സുരക്ഷ സംബന്ധിച്ച അവലോകനം കൃത്യമായി നടത്തേണ്ടതുണ്ട്. നടപടികള്‍ കര്‍ശനമാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കണം.

വിദ്യ ഭരണിക്കാവ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.