വ്യാജ അക്ഷയ കേന്ദ്രങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം

Thursday 19 July 2018 3:00 am IST

തിരുവനന്തപുരം: അക്ഷയ കേന്ദ്രങ്ങള്‍ക്ക് സമാനമായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വ്യാജ ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഇലക്ട്രോണിക്സ് - വിവര സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.  

കേരളത്തിലുടനീളം ജനസേവന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനും സിസിഒമാരെ നിയമിക്കുന്നതിനുമായി വന്ന പത്രപരസ്യങ്ങള്‍ ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് ഈ അറിയിപ്പ്.      പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷിക്കേണ്ട ഇ-ഡിസ്ട്രിക്ട് സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിന് അക്ഷയ സെന്ററുകളെ മാത്രമാണ് ചുമതപ്പെടുത്തിയിട്ടുള്ളത്.  

എന്നാല്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമായിട്ടുള്ളവരും അപേക്ഷകള്‍ സ്വയം സമര്‍പ്പിക്കാന്‍ സാധ്യമായവര്‍ക്കും മാസത്തില്‍ നിശ്ചിത എണ്ണം അപേക്ഷകള്‍ സ്വയം സമര്‍പ്പിക്കുന്നതിന് പൊതു ലോഗിനിലൂടെ നല്‍കിയിരിക്കുന്ന സംവിധാനം ദുരുപയോഗം ചെയ്തും അക്ഷയ സെന്ററുകളുടെ ലോഗിന്‍ വ്യാജമായി ഉപയോഗിച്ചുമാണ് അനധികൃത സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്.

പൗരന്മാരുടെ രേഖകളുടെ സുരക്ഷിതത്വം, സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത, നിലവിലുള്ള അക്ഷയ കേന്ദ്രങ്ങളുടെ നിലനില്‍പ് എന്നിവയെ സാരമായി ബാധിക്കുമെന്നതിനാല്‍ ജനസേവനകേന്ദ്രങ്ങള്‍ എന്ന പേരില്‍ വ്യാപകമായി ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ അക്ഷയ കേന്ദ്രങ്ങളുടെ തൊട്ടടുത്ത് ആരംഭിക്കുന്നത് തടയാനും അനധികൃത സ്ഥാപനങ്ങള്‍ നിര്‍ത്തലാക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.