ശബരിമലയിലെ സ്ത്രീ പ്രവേശനം; സംസ്ഥാന സർക്കാരിൻ്റെ നിലപാട് മാറ്റത്തെ വിമർശിച്ച് സുപ്രീംകോടതി

Thursday 19 July 2018 3:12 am IST

ന്യൂദല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അടിക്കടിയുള്ള നിലപാട് മാറ്റത്തെ വിമര്‍ശിച്ച് സുപ്രീംകോടതി. കേസില്‍ ഇതുവരെ നാലു തവണയാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് മാറ്റിയതെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഹസിച്ചു. 

സര്‍ക്കാര്‍ മാറുന്നതനുസരിച്ച് സംസ്ഥാനം കേസിലെ നിലപാട് മാറ്റുകയാണെന്ന് ചീഫ് ജസ്റ്റിസ് കുറ്റപ്പെടുത്തി. ഇനി സംസ്ഥാനത്തിന്റെ വാദം കൂടുതലായി കേള്‍ക്കേണ്ടതില്ലല്ലോ എന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്തയോട് കോടതി പറഞ്ഞു. 

ശബരിമല ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളില്‍ സുപ്രീംകോടതി ഇടപെടില്ലെന്നും ഭരണഘടനാ വിഷയം മാത്രമേ പരിഗണിക്കൂ എന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ശബരിമല പൊതു ക്ഷേത്രമാണെങ്കില്‍ ലിംഗഭേദമെന്യേ എല്ലാവര്‍ക്കും പ്രവേശനം നല്‍കേണ്ടതുണ്ടെന്ന് കേസിലെ വാദത്തിനിടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഭിപ്രായപ്പെട്ടു. പൊതു സ്ഥലങ്ങള്‍ പൊതു ആരാധനയ്ക്കുള്ളതാണ്. ഒരു ക്ഷേത്രത്തില്‍ പുരുഷനു പ്രവേശനമുണ്ടെങ്കില്‍ സ്ത്രീയ്ക്കുമുണ്ട്. പുരുഷനുള്ള നിയന്ത്രണങ്ങള്‍ മാത്രമേ സ്ത്രീകള്‍ക്കും പാടുള്ളൂ എന്നും സ്വകാര്യ ക്ഷേത്രം എന്നൊരു സങ്കല്‍പ്പമില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 

ആര്‍ത്തവത്തിന്റെ പേരില്‍ പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ വിലക്കുന്നത് ഏകപക്ഷീയമാണ്. ഈ പ്രായപരിധിയിലുള്ളവര്‍ക്ക് മാത്രമാണ് ആര്‍ത്തവം ഉണ്ടാകുക എന്നെങ്ങനെ കരുതാനാവും. പത്തുവയസ്സിനു മുമ്പും അമ്പതിന് ശേഷവും ആര്‍ത്തവമുണ്ടാവാം. 45-ാം വയസ്സില്‍ ആര്‍ത്തവ വിരാമവും സംഭവിക്കാം, ജസ്റ്റിസ് നരിമാന്‍, ജസ്റ്റിസ് ചന്ദ്രചൂഡ് എന്നിവര്‍ നിരീക്ഷിച്ചു. 

ആരാധനയ്ക്ക് സ്ത്രീയ്ക്കും പുരുഷനും തുല്യ അവകാശമാണ് ഭരണഘടന നല്‍കുന്നതെന്നും അതു സ്ഥാപിക്കാന്‍ നിയമത്തിന്റെ പിന്‍ബലം പോലും ആവശ്യമില്ലെന്നുമായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നിരീക്ഷണം. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ വിലക്കുന്നത് ഏകപക്ഷീയമാണെന്ന് ജസ്റ്റിസ് രോഹിങ്ടണ്‍ നരിമാന്‍ പറഞ്ഞു. 

കേസില്‍ ഹര്‍ജിക്കാരായ ലങ് ലോയേഴ്‌സ് അസോസിയേഷന്റെ വാദം ഇന്നലെ പൂര്‍ത്തിയായി. ഭരണഘടനാ ബെഞ്ചിന് മുന്നില്‍ നാളെ വാദം തുടരും. കോടതി നിശ്ചയിച്ച രണ്ട് അമിക്കസ്‌ക്യൂറിമാര്‍, സംസ്ഥാന സര്‍ക്കാര്‍, ദേവസ്വം ബോര്‍ഡ് എന്നിവരുടെ വാദമാണ് ഇനി ശേഷിക്കുന്നത്.

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.