മഴക്കെടുതി; സർക്കാർ ധന സഹായം നൽകും; ഇതുവരെ 18 മരണം

Thursday 19 July 2018 8:17 am IST
വീട് പൂര്‍ണമായി തകര്‍ന്നവര്‍ക്ക് നാലു ലക്ഷം രൂപ വീതവും ഭാഗികമായി തകര്‍ന്നവര്‍ക്ക് നഷ്ടത്തിന് അനുസരിച്ചു 15,000- 75,000 രൂപ വീതവും നല്‍കും.

തിരുവനന്തപുരം: മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ധന സഹായം പ്രഖ്യാപിച്ചു. ഒരു കുടുംബത്തിന് നാലു ലക്ഷം രൂപ വീതം നല്‍കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. വീട് പൂര്‍ണമായി തകര്‍ന്നവര്‍ക്ക് നാലു ലക്ഷം രൂപ വീതവും ഭാഗികമായി തകര്‍ന്നവര്‍ക്ക് നഷ്ടത്തിന് അനുസരിച്ചു 15,000- 75,000 രൂപ വീതവും നല്‍കും.

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും 1000 രൂപ വീതം ഒറ്റത്തവണയായി നല്‍കും. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് വൈദ്യസേവനം ഉള്‍പ്പെടെ എല്ലാ സഹായങ്ങളും നല്‍കാന്‍ കളക്‌ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി ഇ. ചന്ദ്രശേഖരന്‍ മന്ത്രിസഭായോഗത്തില്‍ അറിയിച്ചു.

17നു വൈകിട്ട് ആറു വരെ ക്യാമ്പുകളില്‍ ഉണ്ടായിരുന്നവര്‍ക്കും അവിടെനിന്നു മടങ്ങിയവര്‍ക്കും സഹായധനം ലഭിക്കും. പാഠപുസ്തകങ്ങളും മറ്റും നഷ്ടമായ കുട്ടികള്‍ക്കു സ്‌കൂളില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനനുസരിച്ചു വീണ്ടും നല്‍കും.

മഴയെത്തുടര്‍ന്ന് ഈ മാസം ഒന്‍പതു മുതല്‍ 17 വരെ സംസ്ഥാനത്തു 18 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. വെള്ളക്കെട്ടിലും ഒഴുക്കിലും ഒന്‍പതു പേരെ കാണാതായി. സംസ്ഥാനത്ത് ഇന്നലെ വരെ 68 വീടുകള്‍ പൂര്‍ണമായും 1681 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.