ന്യൂദൽഹി: രാജ്യത്ത് നിന്നും മുത്തലാഖിനെ തുടച്ചു നീക്കാൻ പാർലമെൻ്റിലെ എല്ലാ എംപിമാരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ബിജെപിയുടെ രാജ്യ സഭ എംപി സുഭാഷ് ചന്ദ്ര. ഇതിന്റെ ആദ്യപടിയെന്നോണം മുത്തലാഖ് ബില്ല് പാസാക്കാൻ എല്ലാ എംപിമാരും സഹകരിക്കണെമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം യുപിയിൽ മുത്തലാഖിനെതിരെ പ്രചാരണം നടത്തിയതിന് നിദ ഖാൻ എന്ന യുവതിക്ക് ചികിത്സയും മരണാനന്തരകർമ്മങ്ങളും നിഷേധിച്ചുകൊണ്ടുള്ള ഫത്വ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ പശ്ചാലത്തിലാണ് എംപി മുത്തലാഖ് നിരോധിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് വ്യക്തമാക്കിയത്. ഇത്തരത്തിലുള്ള പ്രവണതകളിലൂടെ മുസ്ലീം സമുദായം പൊതു സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ടു പോകുമെന്ന് ഭയക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിദാ ഖാന് പ്രഖ്യാപിച്ച ഫത്വയെ പരിപൂർണ്ണമായി തള്ളിക്കളയുമെന്ന് അറിയിച്ച അദ്ദേഹം ശരിയത്ത് നിയമം പ്രാബല്യത്തിൽ വന്നാലുണ്ടാകുന്ന പ്രശ്നങ്ങളിൽ ഏറെ ആശങ്ക പ്രകടിപ്പിച്ചു. മുസ്ലീം സമുദായത്തിലെ കഴിവുള്ളവർ നിദയ്ക്കെതിരെ പ്രഖ്യാപിച്ച ഫത്വയ്ക്കെതിരെ മുന്നോട്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ക്കാരമുള്ള ഒരു സമൂഹത്തിന് നിദയ്ക്കെതിരെ അത്തരത്തിൽ ഒരു ഫത്വ പ്രഖ്യാപിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: