ചിദംബരം പ്രതി; വിചാരണ നേരിടേണ്ടി വരും

Thursday 19 July 2018 5:08 pm IST
ചിദംബരത്തിന്റെ മകനും കോണ്‍ഗ്രസ് നേതാവുമായ കാര്‍ത്തി ചിദംബരം അടക്കം 18 പ്രതികളാണ് ദല്‍ഹി പാട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപ്രതത്തിലുള്ളത്. കുറ്റപത്രം കോടതി സ്വീകരിച്ചാല്‍ ചിദംബരം വിചാരണ നേരിടണ്ടേിവരും.

ന്യൂദല്‍ഹി: കോടികളുടെ അഴിമതി നടന്ന എയര്‍സെല്‍-മാക്‌സിസ് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തെ പ്രതി ചേര്‍ത്ത് സിബിഐ പുതിയ കുറ്റപത്രം സമര്‍പ്പിച്ചു. ചിദംബരത്തിന്റെ മകനും കോണ്‍ഗ്രസ് നേതാവുമായ കാര്‍ത്തി ചിദംബരം അടക്കം 18 പ്രതികളാണ് ദല്‍ഹി പാട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപ്രതത്തിലുള്ളത്. കുറ്റപത്രം കോടതി സ്വീകരിച്ചാല്‍ ചിദംബരം വിചാരണ നേരിടണ്ടേിവരും.

എയര്‍സെല്‍ കമ്പനി വാങ്ങാന്‍ മലേഷ്യന്‍ കമ്പനിയായ മാക്‌സിസിന് വഴിവിട്ട് അനുമതി നല്‍കിയെന്നും ഇതിന് കോടികള്‍ കമ്മീഷനായി കൈപ്പറ്റിയെന്നുമാണ് കേസ്. 2006ലാണ് ഇടപാട് നടന്നത്.

നേരത്തെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍  കാര്‍ത്തിയടക്കം 17  പേരെയാണ് പ്രതി ചേര്‍ത്തിരുന്നത്. കേസ്  ഈ മാസം 31ന് വാദം കേള്‍ക്കാന്‍ പ്രത്യേക ജഡ്ജി ഒ.പി. സെയ്‌നി മാറ്റിവച്ചു. മലേഷ്യയിലെ മാധ്യമരാജാവ് ടി. അനന്തകൃഷ്ണന്‍, റാല്‍ഫ് മാര്‍ഷല്‍, മുന്‍ സാമ്പത്തികകാര്യ സെക്രട്ടറി അശോക് കുമാര്‍ ഝാ, അഡീ. സെക്രട്ടറി അശോക് ചാവ്‌ല, ഐഎഎസ് ഓഫീസര്‍മാരായ  കുമാര്‍ സഞ്ജയ് കൃഷ്ണ (ജോ. സെക്രട്ടറി) ദീപക് കുമാര്‍ സിങ് (ഡയറക്ടര്‍) അണ്ടര്‍ സെക്രട്ടറി രാം ശരണ്‍, എസ്. ഭാസ്‌ക്കര രാമന്‍, എ. പളനിയപ്പന്‍, വി. ശ്രീനിവാസന്‍, കാര്‍ത്തിയുടെ കമ്പനികളായ ചെസ് മാനേജ്‌മെന്റ് കമ്പനി, അഡ്‌വാന്റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയവരാണ് മറ്റു പ്രതികള്‍. 

ഈ രണ്ടു സ്ഥാപനങ്ങള്‍ക്ക് 1.3 കോടി നിയമവിരുദ്ധമായി അനുവദിച്ചത് സിബിഐ കണ്ടെത്തിയിട്ടുണ്ട്.

600 കോടിവരെയുള്ള വിദേശ മൂലധന നിക്ഷേപത്തിന് അനുമതി നല്‍കാനെ കേന്ദ്ര ധനമന്ത്രിക്ക് അധികാരമുള്ളു എന്നിരിക്കെ 3,200 കോടിയുടെ ഇടപാടിന് ചിദംബരം വഴിവിട്ട് അനുമതി നല്‍കി, വെറും 180 കോടിയുടെ ഇടപാടെന്ന് രേഖകളില്‍ കാണിച്ച് 3,200 കോടിയുടെ ഇടപാട് നടത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. രാഷ്ട്രീയവൈരം തീര്‍ക്കുകയാണ് മോദി സര്‍ക്കാരെന്നാണ് കോണ്‍ഗ്രസ്സിന്റേയും ചിദംബരത്തിന്റെയും പ്രതികരണം.

കാര്‍ത്തിക്കെതിരെ ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസുമുണ്ട്. ഇതിലും ചിദംബരം കുടുങ്ങിയേക്കും. മാധ്യമ ചക്രവര്‍ത്തി പീറ്റര്‍ മുഖര്‍ജിയുടെ  ഐഎന്‍എക്‌സ് മീഡിയയ്ക്ക് വിദേശ നിക്ഷേപം സ്വീകരിക്കാന്‍ വഴിവിട്ട് അനുമതി നല്‍കിയെന്നാണ് ഈ കേസ്. 

കേസുകളില്‍ കാര്‍ത്തിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കാര്‍ത്തിയേയും ചിദംബരത്തെയും നിരവധി തവണ ചോദ്യം ചെയ്ത ശേഷമാണ് ചിദംബരത്തെ ഉള്‍പ്പെടുത്തി പുതിയ കുറ്റപത്രം നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.