അപകടക്കെണിയൊരുക്കി തന്തോട് കവല; തിരിഞ്ഞുനോക്കാതെ പൊതുമരാമത്ത്

Thursday 19 July 2018 5:09 pm IST

 

ഇരിട്ടി: തളിപ്പറമ്പ്-ഇരിക്കൂര്‍-ഇരിട്ടി, പയ്യാവൂര്‍-ഉളിക്കല്‍-ഇരിട്ടി റോഡുകള്‍ സംഗമിക്കുന്ന തന്തോട് കവല റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടത് വാഹനയാത്രക്കാര്‍ക്ക് അപകടക്കെണിയായി മാറി. മഴക്കാലം ആരംഭിച്ചതോടെ രൂപപ്പെട്ട ചെറിയ കുഴി കവലയിലെ നടുറോഡില്‍ വലിയ ഗര്‍ത്തമായി രൂപപ്പെടുകയായിരുന്നു. എന്നാല്‍ പൊതുമരാമത്ത് വകുപ്പ് ഈ ഭാഗത്തേക്ക് ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല.

 നിത്യവും ഉളിക്കല്‍, പയ്യാവൂര്‍ ഭാഗങ്ങളിലേക്കും ഇരിക്കൂര്‍, തളിപ്പറമ്പ് ഭാഗങ്ങളിലേക്കും ബസ്സുകളടക്കം ചെറുതും വലുതുമായ യാത്രാ വാഹനങ്ങളും ചരക്ക് വാഹനങ്ങളും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ നിരന്തരം കടന്നുപോകുന്ന റോഡാണിത്. മേഖലയിലെ പ്രധാന ആശുപത്രിയായ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് എളുപ്പം എത്തിച്ചേരാനുള്ള പ്രധാന പാതയും ഇതാണ്. ഇരിട്ടിയുടെ മലയോര മേഖലയില്‍ നിന്നും അപകടത്തില്‍പ്പെടുന്നവരേയും ആസന്ന മരണരായ രോഗികളെയും കൊണ്ടും മറ്റും ഇവിടേക്ക് ആംബുലന്‍സുകളും മറ്റും അതിവേഗം ഓടിപ്പോകുന്നത് നിത്യ കാഴ്ചയാണ്. ബൈക്കുകള്‍ അടക്കമുള്ള ചെറിയ യാത്രാവാഹനങ്ങള്‍ ഇവിടെ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. റോഡിന് ഒരുഭാഗം നിറഞ്ഞുകിടക്കുന്ന പുഴയാണെന്നതും സംഭവത്തിന് ഗൗരവം കൂട്ടുന്നു. എന്നാല്‍ ഇതൊക്കെ കണ്ടിട്ടും കാണാത്തഭാവത്തില്‍ കണ്ണുംപൂട്ടിയിരിക്കുകയാണ് പൊതുമരാമത്തു വകുപ്പ്. ഇവരുടെ ഓഫീസില്‍ നിന്നും വെറും ഇരുന്നൂറ് മീറ്റര്‍ മാത്രമേ ഇവിടേയ്ക്ക് അകലമുള്ളൂ എന്നതും സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. എപ്പോഴും എവിടെയും അത്യാഹിതം ഉണ്ടാകുന്നതുവരെ കണ്ണും പൂട്ടിയിരിക്കുന്ന നമ്മുടെ വകുപ്പുകള്‍ ഇവിടെയും ഒരു അത്യഹിതമുണ്ടായാല്‍ മാത്രമേ കണ്ണ് തുറക്കൂ എന്ന് ജനങ്ങള്‍ സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.