ഗ്രാമങ്ങളില്‍ വില്‍പന നടത്തുന്നത് പഴകിയ മത്സ്യമെന്ന് പരാതി മട്ടന്നൂരില്‍ പഴകിയ മത്സ്യം പിടികൂടി

Thursday 19 July 2018 5:13 pm IST

 

മട്ടന്നൂര്‍: മട്ടന്നൂര്‍ മത്സ്യ മാര്‍ക്കറ്റില്‍ നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ നാല്‍പത് കിലോ പഴകിയ മത്സ്യം പിടികൂടി.  കഴിഞ്ഞ ദിവസം ആണിക്കരിയിലെ ഒരു കുടുംബം മട്ടന്നൂര്‍ മാര്‍ക്കറ്റില്‍നിന്നും വാങ്ങിയ തിരണ്ടി പാചകം ചെയ്ത ശേഷം രൂക്ഷമായ ദുര്‍ഗന്ധത്തെ തുടര്‍ന്ന് കഴിക്കാന്‍ കഴിയാത്ത അവസ്ഥയുള്ളതായി പരാതി ഉണ്ടായിരുന്നു.

ഇത്തരത്തില്‍ മറ്റ് ചില മേഖലകളില്‍നിന്നും പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.പി.രാജശേഖരന്‍ നായരുടെ നേതൃത്വത്തില്‍ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയിലാണ് പഴകിയതും ദുര്‍ഗന്ധം വമിക്കുന്നതുമായ മത്സ്യം പിടികൂടിയത്. തിരണ്ടി, മുള്ളന്‍ എന്നിവയാണ് പിടികൂടിയത്. മത്സ്യത്തില്‍ ഫോര്‍മാലിന്‍ ചേര്‍ക്കുന്നതായുള്ള പരാതിയെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ നടത്തുന്ന പരിശോധന  വെറും വഴിപാടായി മാറിയിരിക്കുകയാണ്. ജില്ലയിലെ മലയോര മേഖലകളില്‍ പഴകിയതും ദുര്‍ഗന്ധം വമിക്കുന്നതുമായ മത്സ്യങ്ങള്‍ വാഹനങ്ങളില്‍ വില്‍പന നടത്തുന്നത് വ്യാപകമാണെങ്കിലും അധികൃതര്‍ നടപടിയെടുക്കാത്തത് കടുത്ത ഭീഷണിയായി മാറിയിട്ടുണ്ട്.

ചാവശ്ശേരി, 19-ാം മൈല്‍, ഉളിയില്‍, പുന്നാട്, ഉരുവച്ചാല്‍ തുടങ്ങി പലഭാഗങ്ങളിലും മത്സ്യമാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവിടങ്ങളിലൊന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്താറില്ല. അതുകൊണ്ടുതന്നെ ഉള്‍പ്രദേശങ്ങളില്‍ ഗുണനിലവാരം കുറഞ്ഞ മത്സ്യങ്ങളാണ് വില്‍പന നടത്തുന്നതെന്നും പരാതിയുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.