സര്‍ക്കാര്‍ അവഗണന: കയര്‍ തൊഴിലാളികള്‍ പ്രക്ഷോഭത്തില്‍

Thursday 19 July 2018 5:14 pm IST

 

തളിപ്പറമ്പ്: സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് കയര്‍ തൊഴിലാളികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. കയര്‍ തൊഴിലാളികളോട് സര്‍ക്കാര്‍ കാണിക്കുന്ന ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ചും നിര്‍ത്തലാക്കിയ വരുമാനം താങ്ങല്‍ പദ്ധതി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുമാണ് കണ്ണൂര്‍ കയര്‍ പ്രൊജക്ടിന്റെ കീഴിലുള്ള കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലെ തൊഴിലാളികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നത്.

 ഒരുകാലത്ത് നാല് ലക്ഷത്തോളം തൊഴിലാളികള്‍ പ്രവര്‍ത്തിച്ചിരുന്ന ഈ മേഖലയില്‍ ഇപ്പോള്‍ ഒരുലക്ഷത്തില്‍ താഴെ തൊഴിലാളികള്‍ മാത്രമാണ് പ്രവര്‍ത്തിച്ചുവരുന്ത്. ഇടത്-വലത് മുന്നണികള്‍ മാറിമാറി ഭരിച്ചിട്ടും കേരളത്തിലെ കയര്‍ തൊഴിലാളികള്‍ അരപ്പട്ടിണിയുമായി കഴിയുകയാണ്. മാന്യമായ വേതനമോ മറ്റാനുകൂല്യങ്ങളോ ഈ വിഭാഗത്തിലുള്ളവര്‍ക്ക് ലഭ്യമാകുന്നില്ല. തൊഴിലുറപ്പ് പദ്ധതിയിലൂടെ ലഭിക്കുന്ന കൂലി പോലും കയര്‍തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. സഹകരണ മേഖലയിലെ തൊഴിലാളികള്‍ക്ക് അംഗീകൃത കൂലിയായ 300 രൂപ സംഘങ്ങളുടെ ഉല്‍പാദന ക്ഷമതവെച്ച് നല്‍കാനാവില്ല. 

ഉല്‍പാദന ചെലവിനനുസരിച്ച് ഉല്‍പന്ന വില ലഭ്യമല്ലാത്തതാണ് ഇതിന് കാരണം. ഈ സാഹചര്യത്തില്‍ സഹകരണ മേഖലയില്‍ മിനിമം കൂലി ഉറപ്പുവരുത്തുന്നതിന് സര്‍ക്കാര്‍ വരുമാനം താങ്ങല്‍ പദ്ധതി നടപ്പിലാക്കിയിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പിലാക്കിയിരുന്നുവെങ്കിലും ഇടതു സര്‍ക്കാര്‍ ഇത് നിര്‍ത്തലാക്കിയതാണ് തൊഴിലാളികളെ പ്രതസന്ധിയിലാക്കിയത്. ഇതിനെതിരെയാണ് തൊഴിലാളികള്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയിട്ടുള്ളത്. 

ഇതിന്റെ ഭാഗമായി തൊഴിലാളികള്‍ 28ന് കണ്ണൂര്‍ കയര്‍ പ്രൊജക്ട് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.