മാലിന്യ സംസ്‌കരണം: പാനൂര്‍ ബ്ലോക്കില്‍ ആര്‍ആര്‍എഫ് ആഗസ്റ്റ് ഒന്നിന് പ്രവര്‍ത്തനം തുടങ്ങും

Thursday 19 July 2018 5:32 pm IST

 

കണ്ണൂര്‍: അജൈവ മാലിന്യ സംസ്‌കരണത്തിനായുള്ള റിസോഴ്‌സ് റിക്കവറി ഫെസിലിറ്റേഷന്‍ സെന്റര്‍ (എംആര്‍എഫ്) ആഗസ്റ്റ് ഒന്ന് മുതല്‍ പാനൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി, ഹരിതകേരളം മിഷന്‍ സംസ്ഥാന ശുചിത്വ കണ്‍സള്‍ട്ടറ്റന്റ് എം.ജഗജീവന്‍, മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വിമല, പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഷിമി, ക്ലീന്‍ കേരള കമ്പനി പ്രതിനിധി സുധീഷ് എന്നിവര്‍ നടത്തിയ ചര്‍ച്ചയില്‍ കരട് കരാറിന്റെ ധാരണയായി. 

കണ്ണൂര്‍ ജില്ലയിലെ ആദ്യത്തെ ആര്‍ആര്‍എഫ് ആണ് പാനൂരില്‍ നിലവില്‍ വരുന്നത്. മൊകേരി, ചൊക്ലി, കതിരൂര്‍, പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്തുകള്‍ക്കായാണ് ഇത് പ്രവര്‍ത്തിക്കുക. ഈ ഗ്രാമപഞ്ചായത്തുകളിലെ മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സെന്റര്‍ (എംസിഎഫ്) എന്ന അജൈവ മാലിന്യ സംഭരണ കേന്ദ്രങ്ങളില്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ആര്‍ആര്‍എഫില്‍ എത്തിച്ച് സംസ്‌കരിക്കും. ഇതിനായി ബെയിലിംഗ്, ഷ്രെഡിംഗ് യന്ത്രങ്ങള്‍ പാനൂര്‍ ആര്‍ആര്‍എഫില്‍ സ്ഥാപിച്ചു കഴിഞ്ഞു.

ഇതിന് കീഴിലെ നാല് ഗ്രാമപഞ്ചായത്തുകളിലെയും ഹരിത കര്‍മസേനയ്ക്ക് മാലിന്യം വേര്‍തിരിക്കല്‍, സംസ്‌കരണം എന്നിവയിലുള്ള പ്രായോഗിക പരിശീലനം ഈയാഴ്ച തുടങ്ങും. ബെയിലിംഗ്, ഷ്രെഡിംഗ് യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിലും പരിശീലനം നല്‍കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.