ഹരിതകേരളം മിഷന്‍: 60 ദിന പരിപാടികള്‍ ആസൂത്രണം ചെയ്തു

Thursday 19 July 2018 5:33 pm IST

 

കണ്ണൂര്‍: ഹരിതകേരളം മിഷന്റെ കീഴില്‍ ജില്ലയില്‍ അടുത്ത 60 ദിനങ്ങളില്‍ നടപ്പിലാക്കേണ്ട പദ്ധതികള്‍ മിഷന്റെ സംസ്ഥാന കണ്‍സള്‍ട്ടന്റുമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന യോഗം ആസൂത്രണം ചെയ്തു. പരിസ്ഥിതി സംരംക്ഷണം സംബന്ധിച്ച് ജില്ലയിലെ വ്യക്തികളും സംഘടനകളും നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമായിരുന്നു യോഗം. 

ആഗസ്റ്റ് 30നകം ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സെന്റര്‍ (എംസിഎഫ്) സ്ഥാപിക്കണമെന്ന് യോഗം നിര്‍ദേശം നല്‍കി. സെപ്റ്റംബര്‍ ഒന്നിന് എല്ലായിടത്തും അജൈവ മാലിന്യ ശേഖരണം തുടങ്ങും. ജില്ലയില്‍ എല്ലായിടത്തും റിസോഴ്‌സ് റിക്കവറി ഫെസിലിറ്റേഷന്‍ സെന്റര്‍ (എംആര്‍എഫ്) ഒക്‌ടോബറില്‍ സ്ഥാപിക്കാന്‍ കഴിയണം. ഹരിതകേരളം പഞ്ചായത്ത് തല മിഷനുകളുടെ യോഗം ജൂലൈ 25നകവും ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ ഗ്രാമപഞ്ചായത്തുകളുടെ യോഗം ആഗസ്റ്റ് അഞ്ചിനകവും പൂര്‍ത്തിയാക്കണം. ഈ വര്‍ഷം തന്നെ പദ്ധതി സമര്‍പ്പിച്ച് ഡിപിസി അംഗീകാരം നേടണം. പാപ്പിനിശ്ശേരിയില്‍ സ്ഥാപിച്ച കോഴി മാലിന്യ സംസ്‌കരണത്തിനുള്ള റെന്‍ഡറിംഗ് പ്ലാന്റ് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഉപയോഗപ്പെടുത്തണം. സഹകരണ മേഖലയില്‍ ജില്ലയില്‍ ഇത്തരമൊരു പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ സാധ്യത തേടണമെന്ന് യോഗം നിര്‍ദേശിച്ചു.

മിഷന്റെ ഭാഗമായി ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വലിയ നിലയിലേക്ക് കൊണ്ടുപോവാന്‍ ജില്ലയില്‍ സാധിച്ചിട്ടില്ലെന്ന് മിഷന്റെ സംസ്ഥാന ജലസംരക്ഷണ കണ്‍സള്‍ട്ടറ്റന്റ് എബ്രഹാം കോശി വിലയിരുത്തി. പുഴകയേറ്റം അവസാനിപ്പിക്കാന്‍ സര്‍വേ നടത്തി പുഴകളുടെ അതിര് നിശ്ചയിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. അനധികൃത മണല്‍വാരല്‍ അവസാനിപ്പിക്കാന്‍ മണല്‍ ഓഡിറ്റ് നടത്തണം. റിവര്‍ മാനേജ്‌മെന്റ് ഫണ്ട് ഉപയോഗിച്ച് പുഴ സംരക്ഷണ പ്രവര്‍ത്തനം നടത്താന്‍ കഴിയും. ഇതിനായി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, കേരളത്തിന് കാണിച്ചുകൊടുക്കാനുള്ള പുഴസംരക്ഷണത്തിന്റെ മാതൃകയാണ് കാനാമ്പുഴ അതിജീവന പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. പുഴയോര ജാഗ്രതാ സമിതികള്‍ രൂപവത്കരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണം. ജലസ്രോതസ്സുകള്‍ മലിനമാക്കുന്നത് തടയാന്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. നീര്‍ത്തടാധിഷ്ഠിത പദ്ധതി തയാറാക്കുന്നതില്‍ ജില്ല ഏറെ മുന്നോട്ടു പോവാനുണ്ട്. പഴശ്ശി ജലസേചന പദ്ധതി പുനരുദ്ധീകരിക്കാന്‍ അഞ്ച് കോടി രൂപ വകയിരുത്തി പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. ജനകീയ മുന്നേറ്റത്തോടെ പ്രവര്‍ത്തിച്ചാല്‍ പഴശ്ശി കനാലിലൂടെ വെള്ളം ഒഴുക്കാന്‍ സാധിക്കും. പഴശ്ശി ഷട്ടറുകള്‍ നന്നാക്കുന്നത് സംബന്ധിച്ച് യോഗം ചേരുമെന്നും എബ്രഹാം കോശി അറിയിച്ചു.

മാലിന്യ സംസ്‌കരണത്തില്‍ മാതൃകാപരമായ നേട്ടങ്ങള്‍ കൈവരിച്ച ജില്ലയെ ഒക്‌ടോബര്‍ രണ്ട് ആവുമ്പോഴേക്കും ഒന്നാമതാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മിഷന്‍ ശുചിത്വ കണ്‍സള്‍ട്ടറ്റന്റ് എം. ജഗജീവന്‍ പറഞ്ഞു. പൊതുസ്ഥലങ്ങളിലെ മാലിന്യം നിക്ഷേപിക്കല്‍ തടയാന്‍ നിയമപരമായ നടപടികള്‍ ശക്തിപ്പെടുത്തിയേ മതിയാവൂ. ഇതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ജില്ലാ പൊലീസ് മേധാവി, ഡിഎംഒ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരുടെ സമിതി താഴേ തട്ടിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം. ജില്ലയിലെ ഗ്രാമങ്ങള്‍ മാലിന്യ രഹിതമാവുമ്പോള്‍ നഗരങ്ങളില്‍ മാലിന്യം നിറയുന്നതായി അദ്ദേഹം വിലയിരുത്തി. ഉറവിട മാലിന്യ സംസ്‌കരണത്തില്‍ ജില്ല കുറേക്കൂടി മുന്നോട്ടു പോവാനുണ്ട്. മാലിന്യ സംസ്‌കരണത്തിനായി ശുചിത്വ മിഷന്റെ ഫണ്ട് കൂടുതലായി ഉപയോഗപ്പെടുത്തണം. പയ്യന്നൂര്‍ ബ്ലോക്കിന്റെ തെളിമ പദ്ധതി കേരളത്തിന് മാതൃകയാണ്. അതേസമയം, സമ്പൂര്‍ണ്ണമായ മാലിന്യ ശേഖരണ സംവിധാനമുള്ളത് പാനൂര്‍ ബ്ലോക്കില്‍ മാത്രമാണ്. കെട്ടിടാവശിഷ്ടങ്ങളുടെ സംസ്‌കരണത്തിനുള്‍പ്പെടെ സംവിധാനം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. 

പരമാവധി തരിശുഭൂമിയില്‍ കൃഷിയിറക്കണമെന്നും പുഴയോര പുറമ്പോക്കില്‍ പച്ചപ്പ് ഉണ്ടാക്കണമെന്നും മിഷന്‍ കൃഷി കണ്‍സള്‍ട്ടറ്റന്റ് എസ്.യു.സഞ്ജീവ് പറഞ്ഞു. ഇതിന് പ്രാദേശിക സര്‍ക്കാറുകള്‍ മുന്‍കൈയടുക്കണം. ഇതിന് വേണ്ട സാങ്കേതിക സഹായം മിഷന്‍ നല്‍കും. കണ്ടല്‍ക്കാടുകളുടെ വ്യാപനത്തിനായി കണ്ടല്‍ത്തൈകള്‍ ജില്ലയില്‍ നട്ടുപിടിപ്പിക്കണം. സംയോജിത കൃഷി വ്യാപകമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ഇ.പി.ലത, ടി.വി.രാജേഷ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി, എഡിഎം. ഇ. മുഹമ്മദ് യൂസഫ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ. പ്രകാശന്‍, മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സോമശേഖരന്‍ എന്നിവര്‍ സംസാരിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.