പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി

Thursday 19 July 2018 5:34 pm IST

 

കണ്ണൂര്‍: പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയെ ‘ആര്‍ദ്രം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതായി സി. കൃഷ്ണന്‍ എംഎല്‍എ അറിയിച്ചു. സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയുടെ സമഗ്ര പുരോഗതിക്കായുള്ള സര്‍ക്കാരിന്റെ രോഗീ സൗഹൃദ ആശുപത്രി സംരംഭമാണ് ആര്‍ദ്രം ദൗത്യം. സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ സൗകര്യം വര്‍ധിപ്പിക്കുക, പൊതുജനങ്ങള്‍ക്ക് പരമാവധി സൗജന്യ ചികിത്സ ഉറപ്പുവരുത്തുക എന്നിവയാണ് ആര്‍ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്. 

ഒപി സംവിധാനങ്ങളുടെ നവീകരണം, ജില്ലാ-താലൂക്കുതല ആശുപത്രികളുടെ നിലവാരം ഏകീകരണം, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തല്‍, വികേന്ദ്രീകൃത ആസൂത്രണത്തിന്റെ ഭാഗമായി ആരോഗ്യ നിര്‍ണയ ഘടകങ്ങളുടെ പരിഹാരത്തിനും ആരോഗ്യ രംഗത്തെ ഫലപ്രദമായ ഇടപെടലിനുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സജ്ജമാക്കാനുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ എന്നീ നാല് പ്രധാന ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ആര്‍ദ്രം പദ്ധതി.

ആശുപത്രിയില്‍ വരുന്ന രോഗികള്‍ക്ക് ഗുണമേന്മയും സൗഹാര്‍ദപരവുമായ സേവനം ഉറപ്പാക്കുക, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കുക, രോഗികള്‍ക്ക് ചികിത്സാമാര്‍ഗരേഖ (പ്രോട്ടോകോള്‍) പ്രകാരം ഗുണമേന്മയുള്ള ചികിത്സയും പരിചരണവും ലഭ്യമാക്കുക എന്നിവയാണ് ആര്‍ദ്രം പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. താലൂക്കുതല ആശുപത്രികളില്‍ ഡയാലിസിസ് ഉള്‍പ്പെടെ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ സജ്ജമാക്കി ആധുനികവത്കരണവും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.