കര്‍മങ്ങളുടെ അഞ്ചു കാരണങ്ങള്‍

ഗീതാദര്‍ശനം /കാനപ്രം കേശവന്‍ നമ്പൂതിരി
Friday 20 July 2018 1:00 am IST

(അധ്യായം-18, 14-ാം ശ്ലോകം)

(1) അധിഷ്ഠാനം- ആഗ്രഹം, ദ്വേഷം, സുഖം, ദുഃഖം, ചേതനാ മുതലായവയുടെ ആശ്രയം ആണ് അധിഷ്ഠാനം എന്ന് പറയപ്പെടുന്നത്. ആ ആശ്രയം ശരീരമാണ്. അതിനാല്‍ ശരീരത്തെ ആശ്രയിച്ചാണ് കര്‍മ്മങ്ങള്‍ ഉണ്ടാവുന്നത്.

(2) കര്‍ത്താ- ശരീരം ആത്മാവല്ല. ഭൗതിക പദാര്‍ത്ഥമാണ്; മായയാല്‍ ഉത്പാദിപ്പിക്കപ്പെട്ടതാണ്. അതുപോലെതന്നെ ജീവനെന്നും പുരുഷനെന്നും ക്ഷേത്രജ്ഞനെന്നും പറയപ്പെടുന്ന ജീവാത്മാവ് ഭൗതികമാലിന്യത്തില്‍ മൂടിക്കിടക്കുന്നതിനാല്‍ ഫലത്തില്‍ ആത്മാവ് ഇല്ലാതെയും ഭൗതിക പദാര്‍ത്ഥമായും പ്രവര്‍ത്തിക്കുന്നു. ഞാന്‍ ചെയ്യുന്നു എന്ന് അഭിമാനിക്കുന്നു. എന്റെ ശരീരം എന്റെ ബുദ്ധി, എന്റെ വിജ്ഞാനം എന്ന് തെറ്റായി അഭിമാനിച്ച് അനാത്മഭാവത്തില്‍ പ്രവര്‍ത്തിക്കുന്നു.

 (3) പൃഥഗ്‌വിധം കരണം- കര്‍മം ചെയ്യുന്നതിന് പലവിധത്തില്‍ ഉപകരണങ്ങളായിത്തീരുന്ന, ചെവി, കണ്ണ്, മൂക്ക്, തൊലി, നാവ് മുതലായ ജ്ഞാനേന്ദ്രിയങ്ങള്‍ കേള്‍ക്കാനും, കാണാനും, ഗന്ധം അറിയാനും, സ്പര്‍ശനം അറിയാനും, രസം അറിയാനും ഉപകരണങ്ങളാവുന്നു. കയ്യും കാലും പ്രവര്‍ത്തിക്കാനും നടക്കാനും ഉപകരിക്കുന്നു. ഉപസ്ഥം, വായു എന്നിവ വിസര്‍ജനത്തിനും മല വിസര്‍ജനത്തിനും ഉപകരണങ്ങളാവുന്നു. വാക്ക് സംസാരിക്കാനും ഉപകരിക്കുന്നു. മനസ്സ് സങ്കല്‍പിക്കാനും ബുദ്ധി തീരുമാനം എടുക്കാനും സഹായിക്കുന്നു.

വിവിധാഃ പൃഥക് ച-ചേഷ്ടാ 

(അധ്യായം 18- ശ്ലോകം 14)

ഒന്നിച്ചു ചേരാതെ, വേറെ വേറെയുള്ള ചേഷ്ടകള്‍-ക്രിയകള്‍-നാലാമത്തെ ഉപകരണം. പഞ്ചമഹാഭൂതങ്ങളായ പൃഥ്വി, അപ്, തേജസ്സ്, വായു, ആകാശം ഇവ അവയവയങ്ങള്‍ക്ക് ശക്തി കൊടുത്ത് സഹായിക്കുന്നു. പ്രാണന്‍, അപാനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍ എന്നീ മഹാപ്രാണങ്ങളും, നാഗം, കൂര്‍മ്മം, കൃകലന്‍, ദേവദത്തന്‍, ധനഞ്ജയന്‍ എന്ന ഉപപ്രാണങ്ങളും നാം ഉറങ്ങുമ്പോള്‍ വ്യാപരിച്ച് ഉപകരിക്കുന്നു. ഇരിക്കാനും നടക്കാനും കുനിയാനും നിവരാനും ഉപകരണങ്ങളായിത്തീരുന്നത് ഈ പ്രാണങ്ങളാണ്.

(5) അത്ര പഞ്ചമം ദൈവം ഏവ  

(അധ്യായം-18- 14-ാം ശ്ലോകം)

കര്‍ത്താവായ ജീവന്റെയും കരണങ്ങളുടെയും ക്രിയകളുടെയും അധിഷ്ഠാനമായ ശരീരത്തിന്റെ  ദേവതയാണ് പൃഥ്വി. നേത്രത്തിന്റെ ദേവത ആദിത്യനും ചെവിയുടെ ദേവത ദിക്കുകളും മൂക്കിന്റെ ദേവത വായുവും വായയുടെ ദേവത അഗ്നിയും ആകുന്നു. ഇതുപോലെ കര്‍മ്മേന്ദ്രിയങ്ങള്‍ക്കും മനസ്സ്, ബുദ്ധി, അഹങ്കാരം എന്നിവയ്ക്കും ഓരോ ദേവതകളുണ്ട്. ആ ദേവതകളുടെ അനുഗ്രഹംകൊണ്ടാണ് ശരീരവും അവയവങ്ങളും പ്രവര്‍ത്തന ശക്തി നേടുന്നത്. ഇന്ദ്രിയങ്ങളുടെ അധിഷ്ഠാന ദേവതകള്‍ക്ക് ഇന്ദ്രിയങ്ങളെ അനുഗ്രഹിക്കാനുള്ള ശക്തി ആരാണ് കൊടുക്കുന്നത്!

ശ്രീരാമനുജാചാര്യര്‍ പറയുന്നു 

(അധ്യായം 18- ശ്ലോകം-14)

സര്‍വ്വ മനുഷ്യരുടെയും കര്‍മത്തിന്റെ കാരണമായ ഈ അഞ്ചാമത്തെ 'ദൈവ'മാണ് പ്രധാനം. ദേവതകള്‍ക്ക്, അനുഗ്രഹ ശക്തികൊടുക്കുന്നത് ''അന്തര്യാമീ പരമാത്മാ''-അന്തര്യാമിയും പരമാത്മാവുമായ ഭഗവാന്‍ തന്നെയാണ്- ''ദൈവം ച ഏവ''

''സര്‍വ്വസ്യചാഹം  ഹൃദിസന്നിവിഷ്ടഃ

മത്തഃ സ്മൃതിര്‍ ജ്ഞാനമപോഹനം ച'' 

(15-15)

(=മനുഷ്യ ദേവാദി സര്‍വരുടേയും ഹൃദയത്തില്‍  ഇരിക്കുന്ന എന്നില്‍ നിന്നുതന്നെയാണ് അവര്‍ക്ക് ഓര്‍മശക്തിയും ജ്ഞാനവും മറവിയും ലഭിക്കുന്നത്-എന്ന് ഭഗവാന്‍ തന്നെ പറഞ്ഞിട്ടുണ്ട്.)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.