മായം കലര്‍ത്തിയാല്‍ കര്‍ശന നടപടി വേണം

Friday 20 July 2018 1:06 am IST

ഭക്ഷ്യോല്‍പ്പന്നങ്ങളില്‍ മായം കലര്‍ത്തിയാല്‍ ജീവപര്യന്തം തടവും, പത്തുലക്ഷം രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന നിയമ ഭേദഗതിക്ക് ദേശീയ ഭക്ഷ്യ സുരക്ഷ ഗുണനിലവാര അതോറിറ്റി ശുപാര്‍ശ ചെയ്തു എന്ന വാര്‍ത്ത വായിച്ചു. ശുപാര്‍ശ ചെയ്യുകയല്ല, മറിച്ച് എത്രയും പെട്ടെന്ന് ഈ നിയമം പ്രാബല്യത്തില്‍ വരുത്താന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. ഇന്നത്തെ സാഹചര്യത്തില്‍ ഒരു ആഹാരവും കഴിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ജനം. 

എല്ലാറ്റിലും സര്‍വ്വത്ര മായം. ഈ ഭക്ഷ്യവസ്തുക്കള്‍ വാങ്ങി കഴികുന്നവര്‍ നാളെ കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്ക് അടിപെട്ട് നിത്യരോഗിയായി മാറുന്നു. ആരാണിതിന് ഉത്തരവാദി. ഫോര്‍മാലിന്‍ കലര്‍ന്ന കിലോകണക്കിന് മത്സ്യം പിടിച്ചു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറി, ഇറച്ചി, വെള്ളം, വെളിച്ചെണ്ണ, എല്ലാറ്റിലും സര്‍വ്വത്ര മായം. ഭഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ പെടുത്തി കേസ് എടുക്കുകയാണ് വേണ്ടത്. ശക്തമായ നിയമം കൊണ്ട് മാത്രമേ മായം ചേര്‍ക്കലിനെ പ്രതിരോധിക്കാനാവു എന്നതാണ് സത്യം .

രജിത്, തിരുവനന്തപുരം

നാശനഷ്ടങ്ങള്‍ക്ക് പരിഹാരത്തുക എളുപ്പത്തില്‍ ലഭ്യമാക്കണം

പ്രകൃതിക്ഷോഭത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന നഷ്ട പരിഹാരത്തുക പലപ്പോഴും വിതരണം ചെയ്യുന്നതില്‍ അധികൃതര്‍ കാലതാമസം വരുത്തുന്നുണ്ട്.  വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ പോലും ഈ തുക അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുകയില്ല. അധികൃതരുടെ അനാസ്ഥ തന്നെയാണ് ഇതിന്റെ പ്രധാന കാരണം. 

പ്രകൃതി ക്ഷോഭങ്ങളില്‍ വീടും കൃഷികളും മറ്റും നഷ്ടപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പരിഹാരത്തുക തീരെ കുറവാണെന്ന പരാതിയും നേരത്തേയുണ്ട്. അതുതന്നെ യഥാസമയം കിട്ടുന്നുമല്ലയെന്ന അവസ്ഥയാണ് പലപ്പോഴുമുള്ളത്. കടംവാങ്ങിയതും വായ്പയെടുത്തും വീടുവച്ചവരും കൃഷി ചെയ്തവരുമായ സാധരണക്കാര്‍ ഇത്തരം പ്രകൃതിക്ഷോഭങ്ങള്‍ക്ക് ഇരയാകുമ്പോള്‍ പലപ്പോഴും ജീവിതം വഴിമുട്ടി പോകുന്ന അവസ്ഥയാണ് പലയിടത്തുമുള്ളത്. എന്നാല്‍ അര്‍ഹതയില്ലാത്ത പലരും ഇത്തരം ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നുണ്ടു താനും. വ്യക്തമായ കണക്കെടുപ്പിലൂടെ നാശനഷ്ടങ്ങള്‍ കണക്കാക്കാന്‍ ഉദ്യോഗസ്ഥരെ നിയമിക്കണം. 

ഇത്തരത്തിലുള്ള നാശനഷ്ടങ്ങള്‍ സംഭവിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരത്തുക വര്‍ദ്ദിപ്പിക്കുന്നതിനും അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രം ഇവ ലഭ്യമാക്കുന്നതിനും അധികാരികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ജിലീഷ് 

കോഴിക്കോട്‌

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.