ട്രക്ക് പരിശോധന നടന്നില്ല: ട്രെയിനുകള്‍ വൈകിയോടി

Friday 20 July 2018 1:09 am IST

തിരുവനന്തപുരം:  പരിചയമില്ലാത്ത കരാര്‍ തൊഴിലാളികളോടൊപ്പം എഞ്ചിനീയറിംഗ് വിഭാഗം ജീവനക്കാര്‍ രാത്രിയില്‍ ട്രാക്ക് പരിശോധനയ്ക്ക് പോകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച നിരവധി ട്രെയിനുകള്‍ വൈകിയോടി. പതിനാലു തൊഴിലാളികളെ റെയില്‍വെ സസ്പെന്‍ഡ് ചെയ്തു. ചേര്‍ത്തല - ആലപ്പുഴ സെക്ഷനുകളിലാണ് രാത്രിയിലെ പരിശോധന നടക്കാത്തതുകൊണ്ട് ട്രെയിനുകള്‍ വൈകിയോടിയത്.  

അതീവ സുരക്ഷ ആവശ്യമായ ട്രാക്ക് പരിശോധനയ്ക്ക് പരിചയമില്ലാത്ത കരാര്‍ തൊഴിലാളികളെയാണ് റെയില്‍വെ നിയമിച്ചിരിക്കുന്നത്. രാത്രിയിലെ പരിശോധനകള്‍ റെയില്‍വെയുടെ എഞ്ചിനീയറിംഗ് വിഭാഗമാണ് ചെയ്തു വരുന്നത്. വിദഗ്ധരായ രണ്ട് തൊഴിലാളികളെയാണ് ഇതിന് വിനിയോഗിക്കുന്നത്. മഴക്കാലത്താണ് കൂടുതലായി ഇത്തരം പരിശോധനകള്‍ ഉണ്ടാകാറുള്ളത്. ട്രാക്കുകളില്‍ മരങ്ങള്‍ കടപുഴകി വീണിട്ടുണ്ടോ എന്നും മണ്ണിടിഞ്ഞ് തടസ്സമുണ്ടായോ എന്നും പരിശോധിക്കുകയും ഉണ്ടങ്കില്‍ വേണ്ട നടപടികള്‍ അതിവേഗം കൈക്കൊള്ളുകയും ചെയ്യുക എന്നതാണ് ഇവരുടെ ജോലി. എന്നാല്‍  ഒരു പരിചയവുമില്ലാത്ത കരാര്‍ തൊഴിലാളികളോടൊപ്പം രാത്രിയില്‍ പരിശോധനയ്ക്ക് പോകുന്നത് വളരെ അപകടം പിടിച്ച പണിയെന്നാണ് സ്ഥിരം തൊഴിലാളികള്‍ പറയുന്നത്. 

അതീവ സുരക്ഷ ആവശ്യമായ ഇത്തരം സെക്ഷനുകളില്‍ വിരമിച്ച സൈനികരെയോ അര്‍ധസൈനികവിഭാഗത്തിലുള്ളവരെയോ വിനിയോഗിക്കുന്നതായിരിക്കും നല്ലത് എന്നാണ് റെയില്‍വെ ജീവനക്കാരുടെ അഭിപ്രായം. ആയിരക്കണക്കിന് യാത്രക്കാരുടെ ജീവനു യാതൊരു വിലയും  കല്‍പ്പിക്കാതെ   രാത്രിസമയ പരിശോധന  കരാറുകാര്‍ക്ക് കൊടുത്ത് റെയില്‍വെയുടെ സുരക്ഷയ്ക്ക് തന്നെ ഭീഷണി സൃഷ്ടിക്കുന്നതിനു പിന്നില്‍ ചില റെയില്‍വെ ഉദ്യോഗസ്ഥരെന്നാണ് പറയപ്പെടുന്നത്. സുരക്ഷ സംബന്ധിച്ച് റെയില്‍വേ നല്‍കുന്ന വിവിധ ക്ലാസ്സുകള്‍ക്ക് ശേഷം മാത്രമേ ഇത്തരം ഡ്യൂട്ടിക്ക് ഒരു റെയില്‍വേ തൊഴിലാളിയെ അയയ്ക്കാവൂ എന്നിരിക്കെയാണ് യാതൊരു പരിചയവുമില്ലാത്ത കരാര്‍ തൊഴിലാളികളെ ഇത്തരം ജോലിക്ക് നിയോഗിക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.