സുനിതയുടെ ദുരൂഹ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന്

Friday 20 July 2018 1:12 am IST

കൊച്ചി: മകളെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അമ്മ നല്‍കിയ ഹര്‍ജിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിനു ഹൈക്കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ശാസ്തവട്ടം സുനിത ഭവനില്‍ പത്മിനിയമ്മ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത അന്വേഷണ ഉദ്യോഗസ്ഥനെ കേസ് ഏല്‍പിക്കാനും ഡിജിപിക്ക് നല്‍കിയ ഉത്തരവില്‍ സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. 

ഹര്‍ജിക്കാരിയുടെ മകള്‍ സുനിതയെ (31) 2016 ഒക്ടോബര്‍ 30 ന് വീടിനു സമീപത്തെ ഷെഡ്ഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഭര്‍ത്താവ് ജയകുമാറിന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്നാരോപിച്ച് സുനിത വഴക്കുണ്ടാക്കിയിരുന്നെന്ന് മൊഴിയുണ്ട്. വഴക്കിനിടെ ഭര്‍ത്താവ് സുനിതയെ അടിച്ചെന്നും ഹര്‍ജിക്കാരി പറയുന്നു. കേസന്വേഷിച്ച മംഗലപുരം പോലീസ് ആത്മഹത്യയാണെന്ന് വ്യക്തമാക്കിയെങ്കിലും ഇതിന് ഉത്തരവാദിയാരെന്നോ കാരണം എന്തെന്നോ വ്യക്തമാക്കിയിട്ടില്ല. അതിനാല്‍ വിശദമായ അന്വേഷണം വേണമെന്നായിരുന്നു ഹര്‍ജിക്കാരിയുടെ ആവശ്യം.

 2016 ഒക്ടോബര്‍ 29 ന് സുനിത തന്റെ രണ്ടു മക്കളും അമ്മയുമൊത്ത് സിനിമയ്ക്ക് പോയിരുന്നു. ജയകുമാറാണ് തിരിച്ചു കൊണ്ടുവിട്ടത്. പിന്നീട് ഇയാള്‍ സമീപത്തെ സഹോദരന്റെ ഉപേക്ഷിച്ച നിലയിലുള്ള വീട്ടിലേക്ക് പോയി. ഈ വീടിന്റെ താക്കോല്‍ എടുക്കാന്‍ പിന്നീട് പോയ സുനിത ജയകുമാറിനെയും മറ്റൊരു സ്ത്രീയെയും അവിടെ കണ്ടെന്നും ഇതേച്ചൊല്ലി വഴക്കുണ്ടാക്കിയെന്നും ഹര്‍ജിയില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.