ഉമര്‍ ഖാലിദിനെതിരെ നടപടി സ്വീകരിക്കുന്നത് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി

Friday 20 July 2018 1:18 am IST

ന്യൂദല്‍ഹി: ജെഎന്‍യു സര്‍വകലാശാലയില്‍ നിന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനെതിരെ അടുത്ത വാദം കേള്‍ക്കുന്നതു വരെ  കര്‍ക്കശ നിലപാടുകള്‍ സ്വീകരിക്കരുതെന്ന് ദല്‍ഹി ഹൈക്കോടതി സര്‍വകലാശാലാ അധികൃതരോട് ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളെ പുറത്താക്കാനുള്ള സര്‍വകലാശാലാ ഉത്തരവിനെ ചോദ്യം ചെയ്ത് ഈ മാസം നാലിന് ഉമര്‍ ഖാലിദ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് സിദ്ധാര്‍ഥ് മൃദുലിന്റെ നിര്‍ദേശം.

2016ല്‍ ക്യാമ്പസിനകത്ത് രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയതിന്റെ പേരില്‍ ഉമര്‍ ഖാലിദ്, കനയ്യ കുമാര്‍ എന്നിവരുള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ സര്‍വകലാശാല നടപടിയെടുത്തിരുന്നു. പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നതിനെതിരെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചായിരുന്നു വിദ്യാര്‍ഥികള്‍ സംഘടിച്ചത്. കനയ്യ കുമാറിന് 10,000 രൂപ പിഴയും ചുമത്തി. പ്രശ്‌നത്തില്‍ വീണ്ടും വാദം കേള്‍ക്കല്‍ ഇന്നാണ്. 

13 വിദ്യാര്‍ഥികള്‍ക്കാണ് അച്ചടക്ക ലംഘനത്തിന് പിഴയിട്ടിരുന്നത്. ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ച ശേഷം കഴിഞ്ഞ ഏപ്രില്‍ 28 മുതല്‍ നിരാഹാരമിരുന്നു. 

2016 മെയില്‍ കനയ്യ കുമാര്‍, ഉമര്‍ഖാലിദ്, അനിര്‍ബാന്‍ ഭട്ടാചാര്യ എന്നിവര്‍ക്കെതിരെയുള്ള അച്ചടക്ക നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. 2017ല്‍ സര്‍വകലാശാലയോട് പ്രശ്‌നത്തില്‍ പുനഃപരിശോധന നടത്താനും വിദ്യാര്‍ഥികളോട് അവരുടെ ഭാഗം ന്യായീകരിക്കുന്ന തെളിവുകള്‍ സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.