ഖാലിസ്ഥാന്‍ ഭീകരര്‍ പാര്‍ലമെന്റ് ആക്രമിച്ചേക്കാമെന്ന് മുന്നറിയിപ്പ്

Friday 20 July 2018 1:19 am IST
റിപ്പോര്‍ട്ടിനു പുറമേ ഇക്ബാല്‍ എന്നയാളുടെ സന്ദേശവും ലഭിച്ചതോടെ അതീവ ജാഗ്രതയിലാണ് ദല്‍ഹി പോലീസ്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാറിലാണ് ഭീകരര്‍ പുറപ്പെട്ടിരിക്കുന്നത്. മോഷ്ടിച്ചെടുത്ത സര്‍ക്കാര്‍ വാഹനമോ മറ്റേതെങ്കിലും കാറോ ഉപയോഗിച്ചായിരിക്കും സ്‌ഫോടനമോ ആക്രമണമോ നടത്താന്‍ സാധ്യതയെന്നും ഇന്റലിജന്‍സ് സൂചന നല്‍കുന്നു. ആക്രമണം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നടത്താനാണ് സാധ്യതയെന്നും നിഗമനമുണ്ട്.

ന്യൂദല്‍ഹി: ഖാലിസ്ഥാന്‍ ഭീകരരുടെ ആക്രമണ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ന്യൂദല്‍ഹിയും സമീപ ജില്ലകളും കനത്ത സുരക്ഷയില്‍. പാര്‍ലമെന്റ് ആക്രമിക്കാന്‍ രണ്ട് ഭീകരര്‍ നേപ്പാള്‍ അതിര്‍ത്തി വഴി ദല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. 

റിപ്പോര്‍ട്ടിനു പുറമേ ഇക്ബാല്‍ എന്നയാളുടെ സന്ദേശവും ലഭിച്ചതോടെ അതീവ ജാഗ്രതയിലാണ് ദല്‍ഹി പോലീസ്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാറിലാണ് ഭീകരര്‍ പുറപ്പെട്ടിരിക്കുന്നത്.  മോഷ്ടിച്ചെടുത്ത സര്‍ക്കാര്‍ വാഹനമോ മറ്റേതെങ്കിലും കാറോ ഉപയോഗിച്ചായിരിക്കും സ്‌ഫോടനമോ ആക്രമണമോ നടത്താന്‍ സാധ്യതയെന്നും ഇന്റലിജന്‍സ് സൂചന നല്‍കുന്നു. ആക്രമണം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നടത്താനാണ് സാധ്യതയെന്നും നിഗമനമുണ്ട്. 

ലക്‌വിന്ദര്‍ സിങ്, പര്‍മിന്ദര്‍ സിങ് എന്നിവരാണ് സ്‌ഫോടകവസ്തുക്കളുമായി പുറപ്പെട്ടതെന്നാണ് ഫോണ്‍സന്ദേശം നല്‍കുന്ന സൂചന. 40 വയസ്സിനോടടുത്ത ഇവര്‍ക്ക് സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കുന്നതിലും ഉപയോഗിക്കുന്നതിലും പരിശീലനം ലഭിച്ചിട്ടുണ്ടെന്നും ഇയാള്‍ അറിയിച്ചു. ഈ ഫോണ്‍കോളിന്റെ ഉറവിടം ഉത്തരാഖണ്ഡിലെ ഉദ്ദംസിങ് നഗറില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 

ഫോണ്‍സന്ദേശത്തിലൂടെ ലഭിച്ച പേരുകള്‍ പ്രകാരം ഇവര്‍ 2016ല്‍ പഞ്ചാബിലെ നാഭ ജയില്‍ചാട്ട കേസിലെ പ്രതികളുമായി അടുത്ത ബന്ധമുള്ളവരാണെന്ന അനുമാനത്തിലാണ് പോലീസ്. ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്‌സിന്റെ നേതാവായ ഹര്‍മിന്ദര്‍ സിങ് മിന്റു ഉള്‍പ്പെടെ ആറു പേരാണ് 2016ല്‍ ജയില്‍ചാടിയത്. ഇതില്‍ മിന്റു ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഇയാള്‍ക്ക് പാക് ചാര ഏജന്‍സിയുമായും ഐഎസ്‌ഐയുമായും ബന്ധമുണ്ടായിരുന്നെന്ന് കണ്ടെത്തിയിരുന്നു. ജയില്‍ചാടിയ സംഘത്തിലെ വിക്കി ഗൗണ്ടറുമായി അടുത്ത ബന്ധമുള്ളയാളാണ് ലക്‌വിന്ദര്‍ സിങ്. എന്നാല്‍ ഇയാളെ തന്നെയാണോ സന്ദേശം നല്‍കിയ ആള്‍ സൂചിപ്പിച്ചതെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. പോലീസ് പറഞ്ഞു. 

ബിജെപി-ആര്‍എസ്എസ് നേതാക്കളെ വകവരുത്തുകയാണ് ഇവരുടെ പ്രധാന ലക്ഷ്യം. ഇറ്റലി, ഓസ്‌ട്രേലിയ, യുകെ, ജര്‍മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും ഖാലിസ്ഥാന്‍ തീവ്രവാദികളുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.