കര്‍ദിനാള്‍ പറഞ്ഞത് പച്ചക്കള്ളം; കന്യാസ്ത്രീയുടെ സംഭാഷണം പുറത്ത്

Friday 20 July 2018 2:08 am IST

കൊച്ചി: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന് കാട്ടി കന്യാസ്ത്രീ തനിക്ക് പരാതി നല്‍കിയില്ലെന്ന സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴി പച്ചക്കള്ളം. പരാതിയെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ കന്യാസ്ത്രീ കര്‍ദിനാളിനോട് പറയുന്ന ഫോണ്‍ സംഭാഷണം പുറത്തായി. പത്ത് മിനിറ്റിലധികം നീളുന്ന സംഭാഷണത്തിനിടെ, പീഡനം നേരിട്ടവരെല്ലാം കേരളത്തിലേക്ക് മടങ്ങിയെത്താന്‍ കര്‍ദിനാള്‍ നിര്‍ദേശിക്കുന്നുണ്ട്. കഴിഞ്ഞദിവസം പോലീസ് നടത്തിയ രണ്ടരമണിക്കൂര്‍ നീണ്ട മൊഴിയെടുപ്പില്‍ ബിഷപ്പിനെതിരായ പീഡന പരാതിയെക്കുറിച്ച് അറിയില്ലെന്നാണ് കര്‍ദിനാള്‍ പറഞ്ഞിരുന്നത്.

  പീറ്റര്‍ എന്ന അച്ചനെ ബ്ലാക്ക്‌മെയില്‍ ചെയ്‌തെന്ന കേസുണ്ടെന്ന് പറഞ്ഞ് ജലന്ധറില്‍ നിന്ന് പോലീസ് തന്നെ വിളിച്ചെന്നും കാര്യങ്ങള്‍ കൈവിട്ടുപോകുകയാണെന്നുമാണ് കന്യാസ്ത്രീ കര്‍ദിനാളിനോട് ഫോണില്‍ പറഞ്ഞത്. വിഷയം സിബിസിഐ പ്രസിഡന്റ് ഓസ്‌വാള്‍ഡ് ഗ്രേഷ്യസിനോട് പറയാന്‍ കര്‍ദിനാള്‍ നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍, അദ്ദേഹത്തെ കാണാന്‍ അവസരമുണ്ടാക്കി നല്‍കാന്‍ കഴിയുമോ എന്ന് കന്യാസ്ത്രീ ചോദിച്ചു. ഞാന്‍ പറയുമ്പോള്‍ ഞാന്‍ അറിഞ്ഞെന്ന് വരില്ലേ? എന്ന് ആലഞ്ചേരി മറുചോദ്യമുന്നയിക്കുന്നുണ്ട്. പത്രസമ്മേളനം വിളിച്ച് കാര്യങ്ങള്‍ പറയാനോ സിവില്‍ കേസ് കൊടുക്കാനാനോ ആണ് വീട്ടുകാര്‍ പറയുന്നതെന്ന കന്യാസ്ത്രീയുടെ പരാമര്‍ശത്തിന് എല്ലാവരുമായി ആലോചിച്ചശേഷം കേസ് കൊടുക്കാനായിരുന്നു കര്‍ദിനാളിന്റെ നിര്‍ദേശം.

നിങ്ങള്‍ പീഡനത്തിനിരയായെങ്കില്‍ അത് ശരിയല്ല. ഇനി അവിടെ നില്‍ക്കാന്‍ പറ്റില്ലല്ലോ? നിങ്ങള്‍ സ്വയം തീരുമാനിച്ച് വരുന്നതുപോലെ വരിക. പിന്നീടുള്ള കാര്യം ഞാന്‍ നോക്കാം. ഇവിടെ വന്ന് സ്വന്തം വീടുകളില്‍ താമസിച്ചശേഷം ഒന്നിച്ച് സംഘടിച്ച് എന്റെ അടുത്തേക്ക് പരാതിയുമായി വരിക. കൂടിയാലോചനയ്ക്ക് ശേഷം സമിതിയെ നിയോഗിച്ച് പഠിച്ചശേഷം സീറോ മലബാര്‍ സഭയില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന് കര്‍ദിനാള്‍ പറയുന്നുണ്ട്. കൂട്ടത്തില്‍ പഞ്ചാബികളുമുണ്ടെന്ന് കന്യാസ്ത്രീ പറയുമ്പോള്‍, മലയാളികളെ മാത്രം കൊണ്ടുവന്നാല്‍ മതിയെന്നും പഞ്ചാബികളെ കൊണ്ടുവന്നാല്‍ പ്രശ്‌നമാകുമെന്നും ആലഞ്ചേരി പറയുന്നുണ്ട്. ഒന്നും ഞാന്‍ പറഞ്ഞിട്ടാണെന്ന് പോലീസ് ചോദിച്ചാല്‍ പറയരുത്. ജൂലൈയില്‍ കന്യാസ്ത്രീ നല്‍കിയ കത്ത് തന്റെ കൈവശമുണ്ടെന്നും ആലഞ്ചേരി പറയുന്നുണ്ട്. 

കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ പീഡനക്കാര്യം ഉന്നയിച്ചിട്ടില്ലെന്നും മഠത്തിലെ മറ്റുകാര്യങ്ങളുമായി ബന്ധപ്പെട്ടാണ് കന്യാസ്ത്രീ പരാതി നല്‍കിയതെന്നുമായിരുന്നു ബുധനാഴ്ച കര്‍ദിനാള്‍ പോലീസിന് മൊഴി നല്‍കിയത്. ഇത് കള്ളമാണെന്നും കന്യാസ്ത്രീയും കര്‍ദിനാളും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവിടുമെന്നും വിശ്വാസികള്‍ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച രാവിലെ മുതലാണ് ഫോണ്‍സംഭാഷണം സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചത്. 

അതേസമയം കന്യാസ്ത്രീയുടെ പരാതി സഭയ്ക്കുള്ളില്‍ തന്നെ ഒത്തുതീര്‍ക്കാന്‍ ബിഷപ് ശ്രമിച്ചിരുന്നെന്നും സഭ വിട്ടുപോയ കന്യാസ്ത്രീകളില്‍ പലരും കരഞ്ഞുകൊണ്ട് തന്നെ സമീപിച്ചിരുന്നെന്നും മുതിര്‍ന്ന ക്രൈസ്തവ പുരോഹിതനായ കുര്യാക്കോസ് കാട്ടുതറ ഒരു ഓണ്‍ലൈന്‍ ചാനലിനോട് വെളിപ്പെടുത്തി. 

നിഷേധിച്ച് സഭ

കൊച്ചി:  കന്യാസ്ത്രീയുമായി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി നടത്തിയ ഫോണ്‍ സംഭാഷണം പ്രചരിപ്പിക്കുന്നത് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് സഭാ നേതൃത്വം. ലൈംഗിക പീഡനം നേരിട്ടുവെന്ന് സംഭാഷണത്തില്‍ കന്യാസ്ത്രീ പറയുന്നില്ലെന്നും സന്ന്യാസിനി സമൂഹത്തില്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ചാണ് പറയുന്നതെന്നുമാണ് വിശദീകരണം. ഇതുസംബന്ധിച്ച് പോലീസിനോടും പത്രക്കുറിപ്പിലും വിശദീകരിച്ചതാണെന്നും സഭാ നേതൃത്വം പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.