ബാര്‍ജ് നീക്കാന്‍ നടപടി; ടഗ് ബോട്ടിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചു

Friday 20 July 2018 2:27 am IST

ആലപ്പുഴ: നീര്‍ക്കുന്നം തീരത്തടിഞ്ഞ കൂറ്റന്‍ ബാര്‍ജ് (ഡോക്ക്) കെട്ടിവലിക്കാന്‍ ഉപയോഗിച്ചിരുന്ന അല്‍ഫത്താന്‍- രണ്ട് (പതിനൊന്ന്) എന്ന ടഗ് ബോട്ടിന്റെ പ്രധാനപ്പെട്ട അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചതായി തുറമുഖ ഓഫീസര്‍ അറിയിച്ചു. ടഗ്ഗിലേക്കാവശ്യമായ ഇന്ധനം നിറച്ച ആദ്യട്രക്ക് ഉടന്‍ കൊല്ലം തുറമുഖത്തെത്തും.

  ഇതോടെ 36 ടണ്‍ ഇന്ധനം ടഗ്ഗിനു നല്‍കുവാന്‍ കഴിയും. ടഗ് ബോട്ട് ഇന്ധനം നിറക്കുന്നതിനും അറ്റകുറ്റപണികള്‍ നടത്തുന്നതിനുമായി കൊല്ലം തുറമുഖത്താണ് ബെര്‍ത്ത് ചെയ്തിരിക്കുന്നത്. നിലവിലുള്ള ബോട്ട് ബന്ധിച്ചിരിക്കുന്ന വടം, ടഗ്ഗിലെ വടവുമായി കൂട്ടിയോജിപ്പിക്കുന്നതിനുള്ള ഷാക്കിള്‍ എന്നിവ പരിശോധിച്ച് റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 

 കൊച്ചി തുറമുഖത്തുള്ള 20 ടണ്‍ ശേഷിയുള്ള ടഗ് തയാറാക്കുന്നുണ്ട്. നിലവില്‍ ലഭ്യമായ ടഗ്ഗുകള്‍ ഉപയോഗിച്ച് ഡോക്ക് വലിച്ചു മാറ്റുന്നതിനുള്ള പദ്ധതി തയാറാക്കി നല്‍കാന്‍ ചെന്നൈ ആസ്ഥാനമായ ഉടമസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡോക്കില്‍ ഇന്ധനം ഇല്ലാത്തതിനാല്‍ മലിനീകരണത്തിനുള്ള സാധ്യതയില്ലെന്നും അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലെയാണ് ബാര്‍ജ് തീരത്തടിഞ്ഞത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.