ബ്ലാസ്റ്റേഴ്‌സ് ടീമില്‍ 11 മലയാളികള്‍

Friday 20 July 2018 2:59 am IST

കൊച്ചി: ഇന്ത്യയിലെ പ്രഥമ രാജ്യാന്തര പ്രീ സീസണ്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റായ ടൊയോട്ട യാരിസ് ലാലിഗ വേള്‍ഡിനുള്ള കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു. 31 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.

ചൊവ്വാഴ്ച ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയന്‍ ലീഗിലെ മെല്‍ബണ്‍ സിറ്റി എഫ്‌സി, സ്പാനിഷ് ലീഗിലെ ജിറോണ എഫ്‌സി എന്നീ ടീമുകളാണ് ബ്ലാസ്റ്റേഴ്‌സിനൊപ്പം പങ്കെടുക്കുന്നത്.

11 മലയാളി താരങ്ങള്‍ അടങ്ങിയ ടീമില്‍ ആറു വിദേശ താരങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടീമില്‍ പുതുതായി എത്തിയ ഫ്രഞ്ച് താരം സിറില്‍ കാലി, സ്‌ട്രൈക്കര്‍ സ്ലാവിസ സ്‌റ്റൊനോവിച്ച്, സ്ലൊവേനിയന്‍ സ്‌ട്രൈക്കര്‍ പൊപ്‌ലാനിച്ച് എന്നിവര്‍ക്കൊപ്പം ബ്ലാസ്‌റ്റേഴ്‌സില്‍ നിലനിര്‍ത്തിയ കിസിറ്റോ, നെമന്‍ജ പെസിച്ച്, പെകൂസണ്‍ എന്നിവരാണ് വിദേശ താരങ്ങള്‍. ധീരജ് സിങ് അടക്കം ടീമിലെ മൂന്ന് ഗോള്‍കീപ്പര്‍മാരും ഇന്ത്യക്കാരാണ്.  സി.കെ. വിനീത്, അനസ് എടത്തൊടിക, എം.പി.സ്‌ക്കീര്‍, പ്രശാന്ത് മോഹന്‍, സഹല്‍ അബ്ദുല്‍ സമദ്, അബ്ദുല്‍ ഹക്കു എന്നിവര്‍ക്കൊപ്പം, അഫ്ദാല്‍, ജിതിന്‍ എം.എസ്, സുജിത് എം.എസ്, ഋഷിദത്ത്, ജിഷ്ണു എന്നിവരാണ് 31 അംഗ സ്‌ക്വാഡില്‍ ഇടം നേടിയ മലയാളി താരങ്ങള്‍. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും ആദ്യ ഇലവനില്‍ സ്ഥാനം ലഭിച്ചേക്കും. സന്ദേശ് ജിങ്കന്‍, ഹളിചരണ്‍ നര്‍സാരി തുടങ്ങിയവരും ടീമിലുണ്ട്.  നിലവില്‍ അഹമ്മദാബാദില്‍ പരിശീലനത്തിനലാണ് ടീം.  

മെല്‍ബണ്‍ സിറ്റി എഫ്‌സിയും ജിറോണ എഫ്‌സിയും ടൂര്‍ണമെന്റിനുള്ള  ടീമിനെ പ്രഖ്യാപിച്ചു. മെല്‍ബണ്‍ സിറ്റിയുടെ 24 അംഗ സ്‌ക്വാഡില്‍ റഷ്യന്‍ ലോകകപ്പില്‍ ഓസ്‌ട്രേലിയക്കായി കളിച്ച 19കാരന്‍ ഡാനിയല്‍ അര്‍സാനിയെ ഉള്‍പ്പെടുത്തിയിട്ടില്ല. വിഡോസിച്, ഒഹലാരോന്‍, ബ്രൂണോ തുടങ്ങിയ താരങ്ങളുടെ സാന്നിധ്യമുണ്ട്. 

ക്ലബ്ബ് രൂപീകൃതമായ 88 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി യൂറോപ്പിന് പുറത്ത് കളിക്കാനെത്തുന്ന ജിറോണ എഫ്‌സി മികച്ച താരങ്ങളുമായാണ് കൊച്ചിയിലെത്തുന്നത്. ഗോള്‍ കീപ്പര്‍ യാസീന്‍ ബോണോ, ബെര്‍ണാണ്‍ഡോ എസ്പിനോസ, നായകന്‍ അലക്‌സ് ഗ്രാനെല്‍, ബോറിയ ഗാര്‍സ്യ, പാര്‍ട്ടു, മാര്‍ക് മുനിയേസ, പെഡ്രോ ഗുയിറാഡോ, ജുവാന്‍ പെഡ്രോ, ഡേവിഡ് തിമോര്‍ തുടങ്ങിയ താരങ്ങളെല്ലാം ടീമിനൊപ്പമുണ്ട്.

ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മെല്‍ബണ്‍ സിറ്റി എഫ്‌സി ടീം  കൊച്ചിയിലെത്തി.

ഈ മാസം 24ന് ആദ്യ മത്സരത്തില്‍ മെല്‍ബണ്‍ സിറ്റി എഫ്‌സിയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളി.  27ന് ജിറോണ എഫ്‌സിയും മെല്‍ബണ്‍ സിറ്റി എഫ്‌സിയും തമ്മിലും 28ന് കേരള ബ്ലാസ്‌റ്റേഴ്‌സും ജിറോണയും തമ്മിലും മത്സരം നടക്കും. ഏറ്റവും കൂടുതല്‍ പോയന്റ് നേടുന്ന ടീം ജേതാക്കളാവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.