ഹിമയുടെ മികവിലൂടെ ശങ്കറിനെ കാണാം

Friday 20 July 2018 3:15 am IST

ഫിന്‍ലാന്‍ഡിലെ ടെംപറേയില്‍ ലോക യൂത്ത് (20 വയസ്സില്‍ താഴെ) അത്‌ലറ്റിക് മീറ്റില്‍ അസം കാരി ഹിമ ദാസ്  51.46 സെക്കന്‍ഡില്‍ സ്വര്‍ണ്ണം നേടിയത്, ആറേഴു മീറ്റര്‍ മുന്നിലായിരുന്ന നിലവിലെ ദേശീയ ചാമ്പ്യന്‍ ഹരിയാനയുടെ നിര്‍മല ഷെറോണിനെ പിന്‍തള്ളിയതു വഴി ലഭിച്ച ആത്മവിശ്വാസത്തിന്റെ കരുത്തില്‍നിന്നായിരുന്നു ആ വിജയമെന്ന് ഹിമയുടെ കോച്ച് നിപുണ്‍ ദാസ്  പറയുന്നു. കാതുള്ളവര്‍ അതു കേള്‍ക്കട്ടെ.  ഒരു കൊല്ലം മുമ്പ് അസമിലെ ചളി മൈതാനത്ത് ഫുട്ബാള്‍ കളിക്കുമ്പോഴാണത്രെ ഹിമയെ നിപുണ്‍ കണ്ടെത്തിയത്.  വെറും രണ്ടു കൊല്ലം കൊണ്ട് ലോക ജേത്രിയാകാന്‍ കഴിഞ്ഞ അവള്‍ 'കാച്ച് ദം യങ്ങിനെ' നിരര്‍ത്ഥകമല്ല; ദുരര്‍ത്ഥകമാക്കുകയല്ലേ?  നമ്മുടെ ജീനുകള്‍ അധമമാണെന്നും, ഇന്ത്യന്‍ കോച്ചുകള്‍ പരിശീലിപ്പിച്ചാല്‍ ഒരിക്കലും ഒളിമ്പിക് മെഡല്‍ കിട്ടില്ലെന്നും പറഞ്ഞ പരിശീലകപ്രമുഖരും, അത്‌ലറ്റിക്സിലെ പരമോന്നത ഔദ്യോഗിക പ്രഭൃതികളും ഇനി എന്തു പറയും?  മലര്‍ന്നു കിടന്ന് തുപ്പുന്ന ഇത്തരക്കാര്‍ പുതിയ കണ്ടുപിടുത്തങ്ങള്‍ വഴി ആത്മ നിന്ദ പ്രചരിപ്പിക്കുന്നതു നിര്‍ത്തിയാല്‍ നല്ലത്. പകരം, പത്തു മത്സരങ്ങളിലും നോക്കൗട്ട് ജയം നേടിയ ബിജേന്ദര്‍ സിങ്ങ് എന്ന ബോക്‌സറേയും, ലോകോത്തര ബാഡ്മിന്റണ്‍ കളിക്കാരുടെ മഹാ ശ്രേണി പടുത്തുയര്‍ത്തിയ ഗോപീചന്ദിനേയും കണ്ടുപഠിക്കട്ടെ. അത്തരം പാഠങ്ങള്‍ സ്വയം പഠിച്ചു പ്രചരിപ്പിക്കട്ടെ.

ഏഷ്യന്‍ റെക്കോര്‍ഡുകാരനും സ്വര്‍ണ ജേതാവുമായ ടി.സി.യോഹന്നാനും കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാവ്, യശശ്ശരീരനായ, സുരേഷ് ബാബുവും കഴിഞ്ഞാല്‍ ഏറ്റവും മികച്ച ദൂരം (7.75 മീറ്റര്‍) ഫിന്‍ലാന്‍ഡില്‍ ചാടിയ പാലക്കാട്ടുകാരന്‍ 19 വയസ്സുള്ള ശ്രീശങ്കര്‍ ആറാമനായിപ്പോയതില്‍ സങ്കടപ്പെടുന്നുവരുണ്ടെങ്കില്‍ കേട്ടോളൂ. മൂന്നു മാസം മുമ്പ് പാട്യാലയിലെ ഫെഡറേഷ് കപ്പ് മീറ്റില്‍ 7.99 മീറ്റര്‍ ചാടിയ ശ്രീശങ്കര്‍, അതിനു ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ അത്യപകടകരമായ ഒരു ശസ്ത്രക്രിയക്കു വിധേയനാകേണ്ടിവന്നു. അതൊരു പ്രത്യേക സാഹചര്യത്തിലായിരുന്നു. ഭാഗ്യവശാല്‍ ജീവിതത്തിലേക്കു തിരിച്ചുവന്ന ശങ്കറിന്റെ ശരീരഭാരം 66-ല്‍ നിന്ന് 59 കിലോയിലേക്കു താണു. പിന്നീടുള്ള പ്രത്യേക പരിചരണത്തിലൂടെ ശരീരഭാരം 62ലെത്തി. തുടര്‍ന്ന് ഈയിടെ ഫിന്‍ലാന്‍ഡിലേക്ക് വിസ ശരിയാക്കാനും അതോടൊപ്പം എന്‍ജിനീയറിങ്ങ് ഉപേക്ഷിച്ച് ഗണിത ശാസ്ത്ര ബിരുദ പ്രവേശനപ്പാച്ചിലും ഒക്കെ കൂടികഴിഞ്ഞപ്പോള്‍, ശരീരഭാരം പിന്നെയും താണു. ഫിന്‍ലാന്‍ഡില്‍ എത്തിയതിന്റെ പിറ്റേന്നുതന്നെ ശ്രീശങ്കറിനു യോഗ്യതാ മത്സരത്തില്‍ ചാടേണ്ടിവന്നു, പിറ്റേന്ന് കലാശ മത്സരത്തിലും.  എന്നിട്ടും 7.75 ചാടിയതിന്റെ സന്ദേശം വ്യാഖ്യാനിച്ചാല്‍, ശരീരഭാരം പഴയ 66ലെത്തിയാല്‍ 8.20 മീറ്ററിനപ്പുറം പോകുമെന്നു തന്നെ വേണ്ടേ കരുതാന്‍   മാസ്സ് ഃ വെലോസിറ്റി = മൊമെന്റം.  ഇവിടെ മാസ്സ് ശരീരഭാരവും വെലോസിറ്റി അപ്രോച്ച് റണ്‍ വേഗതയുമാണ്. ഐസക് ന്യൂട്ടന്റെ ലോ-ഓഫ് മോഷന്റെ സൂക്ഷ്മ സാങ്കേതിക ഘടകങ്ങള്‍ നമുക്കു തത്ക്കാലം മാറ്റിവയ്ക്കാം. അതായത്, വേഗവും കായികക്ഷമതയും, ടെക്‌നിക്കും, സ്‌കില്ലും നിലനിര്‍ത്തിക്കൊണ്ട്, ശരീരഭാരം വര്‍ധിപ്പിച്ചാല്‍ മൊമെന്റം എന്ന പെര്‍ഫോമന്‍സ് സ്വാഭാവികമായും വര്‍ധിക്കും.

ഇത് കേവലമായ മെക്കാനിക്കല്‍ പ്രിന്‍സിപ്പിള്‍ ആണ്. നമുക്ക് കാത്തിരിക്കാം.  ഫിന്‍ലാന്‍ഡില്‍ 8.03 ചാടിയ ജപ്പാന്‍കാരനെ മറികടന്ന്  ശ്രീശങ്കര്‍ ജക്കാര്‍ത്ത ഏഷ്യാഡില്‍ ചരിത്ര വിജയം കൈവരിക്കട്ടെ എന്നു പ്രാര്‍ഥിക്കാം. 'ചാന്‍സസ് ഫേവര്‍ ദി പ്രിപയേര്‍ഡ് മൈന്‍ഡ്.'  അതുകൊണ്ട് നമുക്ക് സജ്ജരാകാം. ഭാരതം ഇനി ലോകത്തിന് മാതൃകയാകാനുള്ള രാജപാതയിലാണ്. 

ടോക്കിയോ ഒളിംപിക്‌സില്‍(2020) പല ഇന്ത്യന്‍ താരങ്ങളും മെഡല്‍ നേടാന്‍ സാധ്യതയുണ്ട്.  അവരില്‍ ഒരാള്‍ ശ്രീശങ്കറായിരിക്കട്ടെ. ശ്രീശങ്കറിന്റെ പിതാവും ഗുരുവുമായ എസ്.മുരളി മുന്‍ അന്തര്‍ദേശീയ ട്രിപ്പിള്‍ജമ്പ് താരമാണ്. മാതാവ് കെ.എസ്. ബിജിമോള്‍ 800 മീറ്ററില്‍ സാഫ് ഗെയിംസില്‍ സ്വര്‍ണ ജേത്രിയാണ്. പാലക്കാട് യാക്കര കളത്തില്‍ കുടുംബത്തില്‍നിന്ന് ഒട്ടേറെ കായിക താരങ്ങള്‍ നാടിന് യശസ്സ് കൊണ്ടുവന്നിട്ടുണ്ട്.  ഇന്ത്യന്‍ താരങ്ങളുടെ ജീനുകള്‍ അത്യുല്‍കൃഷ്ടം തന്നെയാണ്.  ഇന്ത്യന്‍ പരിശീലകരില്‍ ലോകോത്തര നിലവാരമുള്ളവരും ഉണ്ടെന്ന് കാലം തെളിയിച്ചുകൊണ്ടിരിയ്ക്കയാണ്.

(കാലിക്കറ്റ് സര്‍വകലാശാലാ മുന്‍ 

അത്‌ലറ്റിക് പരിശീലകനാണ് ലേഖകന്‍)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.