ദുരന്തത്തില്‍ നടുങ്ങി ഏലപ്പാറ

Friday 20 July 2018 3:38 am IST

കട്ടപ്പന: അഞ്ചു യുവാക്കളുടെ മരണ വാര്‍ത്തയില്‍ നടുങ്ങി ഏലപ്പാറ. തോട്ടം തൊഴിലാളി ഗ്രാമം ഒന്നാകെ ദുരന്തവാര്‍ത്ത കേട്ട് കണ്ണീരിലായി. ടൗണില്‍ വാഹനം ഓടിച്ചും വര്‍ക്ക്‌ഷോപ്പില്‍ ജോലിക്ക് പോയും ഉപജീവനം നടത്തിയിരുന്ന യുവാക്കളാണ് അകാലത്തില്‍ പൊലിഞ്ഞത്.

പെരുമ്പാവൂരില്‍ കാറപകടത്തില്‍ മരിച്ച യുവാക്കളുടെ മൃതദേഹം ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സ്വദേശത്ത് എത്തിച്ചത്. പ്രതികൂല കാലവസ്ഥയെപ്പോലും അവഗണിച്ച് യുവാക്കള്‍ക്ക് വിട ചൊല്ലാനെത്തിയത് നൂറുകണക്കിന് പേരാണ്. ഏലപ്പാറ പഞ്ചായത്താണ് പൊതുദര്‍ശനത്തിന് ബസ് സ്റ്റാന്‍ഡില്‍ സൗകര്യമൊരുക്കിയത്. അഞ്ച് യുവാക്കളുടെയും മൃതദേഹം ഒരുനോക്ക് കാണാനും അന്ത്യോപചാരം അര്‍പ്പിക്കാനും ഉച്ച മുതലേ ആളുകള്‍ തടിച്ചുകൂടിയിരുന്നു. സ്‌കൂള്‍ കുട്ടികളും സ്ത്രീകളുമടക്കം ഒഴുകിയെത്തി.ഗുഡ്‌സ് ആപ്പെ ഡ്രൈവറായിരുന്ന വിജയിയുടെ സംസ്‌കാരം കോഴിക്കാനം കത്തോലിക്ക പള്ളിയില്‍ നടന്നു. ഭാര്യയും രണ്ട് മാസം പ്രായമായ കുഞ്ഞുമുണ്ട്. പിക്കപ്പ് ഡ്രൈവറായിരുന്ന ജിനീഷിന്റെ സംസ്‌കാരം ബോണാമി സിഎസ്‌ഐ പള്ളിയിലാണ് നടന്നത്, അവിവാഹിതനാണ്.

ഉണ്ണി, ജെറിന്‍, കിരണ്‍ എന്നിവരുടെ സംസ്‌കാരം ഇന്ന് നടക്കും. ജെറിന്റെ സംസ്‌കാരം രാവിലെ 10ന് കിഴക്കേ ചെമ്മണ്ണിലെ സിഎസ്‌ഐ പള്ളിയിലും, ഉണ്ണിയുടേത് 11ന് ചെമ്മണ്ണിലെ പള്ളിയിലും കിരണിന്റെ സംസ്‌കാരം ഉച്ചയോടെ വീട്ടുവളപ്പിലും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.