മൂന്നില്‍ രണ്ട് ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപി

Friday 20 July 2018 3:39 am IST

ന്യൂദല്‍ഹി: ലോക്‌സഭയില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ്. ടിഡിപി അംഗം കേശിനേനി ശ്രീനിവാസ് നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസാണ് സഭ രാവിലെ ചര്‍ച്ച ചെയ്യുന്നത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അവിശ്വാസ പ്രമേയം പരാജയപ്പെടുത്താനാണ് ബിജെപിയുടെ തീരുമാനം. കോണ്‍ഗ്രസ്സിനൊപ്പം സിപിഎമ്മും തൃണമൂലും അടക്കം 147 പേര്‍ മാത്രമാണുള്ളത്. 

ശിവസേന അടക്കമുള്ള എന്‍ഡിഎ സഖ്യകക്ഷികള്‍ ബിജെപിക്കൊപ്പം നിലയുറപ്പിച്ചിട്ടുണ്ട്. എഐഎഡിഎംകെ, തെലങ്കാന രാഷ്ട്ര സമിതി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളും മോദി സര്‍ക്കാരിനെ പിന്തുണച്ച് വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷ. 535 അംഗ ലോക്‌സഭയില്‍ 375ലേറെ വോട്ടുകള്‍ അവിശ്വാസ പ്രമേയത്തെ എതിര്‍ത്ത് രേഖപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ വലിയ നാണക്കേടിലേക്കാണ് കോണ്‍ഗ്രസ് എത്തിപ്പെടുന്നത്.

വിശാല പ്രതിപക്ഷ ഐക്യനീക്കത്തിന്റെ മുനയൊടിക്കാന്‍ ലക്ഷ്യമിട്ടു തന്നെയാണ് കേന്ദ്രസര്‍ക്കാരും ബിജെപിയും മുന്നോട്ടു പോകുന്നത്. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംപാദത്തെ മുഴുവന്‍ തടസ്സപ്പെടുത്തിയ അവിശ്വാസ പ്രമേയാവതരണം വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യദിനം തന്നെ സ്പീക്കര്‍ അനുവദിച്ചത് ഇതിന്റെ ഭാഗമാണ്. അവിശ്വാസ പ്രമേയം കൊണ്ടുവന്ന ടിഡിപിയിലും പിളര്‍പ്പ് ദൃശ്യമാണ്. ജെ.സി ദിവാകര്‍ റെഡ്ഡി അടക്കമുള്ള എംപിമാര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന് പരസ്യമാക്കിയിട്ടുണ്ട്. 

മോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം ലോക്‌സഭയില്‍ വിജയിക്കുമെന്ന് യുപിഎ അധ്യക്ഷ സോണിയാഗാന്ധി പ്രതികരിച്ചപ്പോള്‍ സോണിയയുടെ കണക്കിലെ അറിവ് വളരെ പരിമിതമാണെന്നായിരുന്നു ബിജെപിയുടെ പരിഹാസം. അവിശ്വാസ പ്രമേയത്തെ എതിര്‍ത്ത് വോട്ടു രേഖപ്പെടുത്താന്‍ ചെറുകക്ഷികള്‍ക്ക് ബിജെപി സന്ദേശം കൈമാറിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.