സ്ത്രീ പ്രവേശനത്തിന് വേണ്ടി സര്‍ക്കാര്‍; എതിര്‍ക്കാന്‍ ചുമതല ദേവസ്വം ബോര്‍ഡിന്

Friday 20 July 2018 3:41 am IST

ന്യൂദല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സിപിഎം നിര്‍ദേശ പ്രകാരം വ്യത്യസ്ത നിലപാട് സ്വീകരിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് എതിര്‍ത്തു കൊണ്ട് കോടതിയില്‍ വാദിക്കാനാണ് സിപിഎം നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേരളത്തിലെ ഹൈന്ദവ വിഭാഗത്തിന്റെ വിശ്വാസങ്ങളെ നേരിട്ട് ബാധിക്കുന്ന കേസില്‍ കുളം കലക്കി മീന്‍ പിടിക്കാനാണ് സിപിഎം ശ്രമമെന്ന് വ്യക്തം. 

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന് മുന്നില്‍ ഇന്നലെ വാദം പുനരാരംഭിച്ചപ്പോള്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് ബോര്‍ഡിന്റെ അഭിഭാഷകനായ മനു അഭിഷേക് സിങ്‌വി രംഗത്തെത്തി. സര്‍ക്കാര്‍ നിലപാടിനൊപ്പമാണ് ബോര്‍ഡ് എന്ന് ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ ബുധനാഴ്ച പ്രസ്താവിച്ചെങ്കിലും ഇന്നലെ കേസില്‍ അതായിരുന്നില്ല ബോര്‍ഡിന്റെ നിലപാട്. 41 ദിവസം നീണ്ടു നില്‍ക്കുന്ന വ്രതമെടുക്കാന്‍ സ്ത്രീകള്‍ക്ക് സാധിക്കില്ലെന്നും ബോര്‍ഡ് കോടതിയെ അറിയിച്ചു. 

ഋതുമതികളായ സ്ത്രീകള്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് രാജ്യത്തെല്ലായിടത്തും നടക്കുന്നതാണെന്ന് സിങ്‌വി കോടതിയില്‍ വാദിച്ചു. ശബരിമലയിലെ അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരി ആയതിനാലാണ് ഋതുമതികളായ സ്ത്രീകള്‍ക്ക് പ്രവേശന വിലക്കു നിലവിലുള്ളതെന്നും ദേവസ്വം ബോര്‍ഡും എന്‍എസ്എസും വാദിച്ചു. ക്ഷേത്ര പ്രവേശനത്തിനായി സ്ത്രീകള്‍ക്ക് അസാധ്യമായ ഉപാധി വച്ചത് പരോക്ഷമായ നീതി നിഷേധമല്ലേ എന്ന് കോടതി ആരാഞ്ഞു. സംസ്ഥാന സര്‍ക്കാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, എന്‍എസ്എസ്, അമിക്കസ് ക്യൂറി, ജനാധിപത്യ മഹിളാ അസോസിയേഷന്‍ എന്നിവരുടെ വാദം ഇന്നലെ കോടതിയില്‍ പൂര്‍ത്തിയായി. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ ആവര്‍ത്തിച്ചു. നിലവില്‍ മൂന്നുതവണ സര്‍ക്കാര്‍ നിലപാട് മാറ്റിയതാമെന്നും ഇപ്പോള്‍ പറഞ്ഞത് അന്തിമ നിലപാടായി കണക്കാക്കുമെന്നും കോടതി ഓര്‍മിപ്പിച്ചു. 

കേരളത്തില്‍ പുരുഷന്മാര്‍ക്ക് പ്രവേശനമില്ലാത്ത ഒരു ക്ഷേത്രമില്ലേ എന്നും അവിടെ പൊതു സ്ഥലം എന്നുപറഞ്ഞ്  എല്ലാവര്‍ക്കും പ്രവേശനം ആവശ്യപ്പെടുമോ എന്നും ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ജനാധിപത്യ മഹിളാ അസോസിയേഷന്റെ വാദങ്ങളോട് പ്രതികരിച്ചുകൊണ്ട് ചോദിച്ചു. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ക്ഷേത്രം കേരളത്തിലുണ്ടെന്നായിരുന്നു അസോസിയേഷന്റെ മറുപടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.