വരവായി നീലക്കുറിഞ്ഞി പൂക്കാലം; വില്ലനായി മഴ

Friday 20 July 2018 3:48 am IST

മൂന്നാര്‍: ഒരു വ്യാഴവട്ടത്തിന് ശേഷം വിരുന്നെത്തുന്ന നീലക്കുറിഞ്ഞി പൂക്കാലം ഈ വര്‍ഷം ഉണ്ടാകുമോ അതോ 1994 ലെന്നപോലെ നീലക്കുറിഞ്ഞി പൂത്ത ശേഷം മഴ വില്ലനാകുമോ എന്ന ആശങ്കയിലാണ് വനംവകുപ്പും മൂന്നാറിലെ നീലവസന്തം കാത്തിരിക്കുന്നവരും. ശക്തമായ മഴ തുടരുന്നതാണ് നീലക്കുറിഞ്ഞി പൂക്കുന്നതിന് തടസമാകുന്നത്. 

1994ല്‍ നീലക്കുറിഞ്ഞി പൂത്തതിന് പിന്നാലെ കനത്ത മഴ എത്തിയിരുന്നു. അഞ്ച് ദിവസം മാത്രമാണ് അന്ന് കുറിഞ്ഞി പൂവിട്ടത്. പിന്നീട് ചെടികളെല്ലാം ചീഞ്ഞ് നശിച്ചു. സാധാരണ ആഗസ്റ്റ് ആദ്യമാണ് കുറിഞ്ഞി കൂട്ടത്തോടെ പൂക്കാന്‍ ആരംഭിക്കുക. മഴ മാറി രണ്ടാഴ്ചക്കാലമെങ്കിലും ഇതിന് വേണ്ടിവരും. പിന്നീട് മഴ പെയ്താല്‍ ഇവ കൂട്ടത്തോടെ നശിക്കുകയും ചെയ്യും.

അല്‍പം വൈകിയാണെങ്കിലും 2006ലേത് പോലെ നീലക്കുറിഞ്ഞി പൂക്കുമെന്ന ഉറപ്പാണ് വനംവകുപ്പ് നല്‍കുന്നത്. ഇതിന്റെ ഭാഗമായുള്ള ഒരുക്കങ്ങള്‍ മന്ദഗതിയിലാണെന്ന ആരോപണവുമുണ്ട്. മുപ്പതിലേറെ തവണ ഇത് സംബന്ധിച്ച് യോഗം ചേര്‍ന്നെങ്കിലും തീരുമാനങ്ങള്‍ നടപ്പായിട്ടില്ല. കുറിഞ്ഞി പൂക്കുന്ന രാജമലയിലേക്ക്, 12 കിലോമീറ്റര്‍ ദൂരം കെഎസ്ആര്‍ടിസിയിലാണ് മൂന്നാറില്‍ നിന്ന് ആളുകളെ എത്തിക്കുക. ദിവസവും 3000 പേര്‍ക്ക് മാത്രമാണ് പ്രവേശനം. എട്ട് ലക്ഷം പേര്‍ എത്തുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുമ്പോഴും ഇവര്‍ക്കെല്ലാം രാജമലയിലെത്താനാകില്ല എന്നതാണ് വാസ്തവം. 2006ല്‍ നാല് ലക്ഷം പേര്‍ എത്തിയതായാണ് കണക്കുകള്‍. ഹോട്ടലുകളിലെ വില ഏകീകരിക്കുന്ന കാര്യം പല തവണ ചര്‍ച്ചയായെങ്കിലും നടപടി വൈകുകയാണ്. അനധികൃത പാര്‍ക്കിങും മൂന്നാറില്‍ ആവശ്യത്തിന് പോലീസുകാരില്ലാത്തതും തിരിച്ചടിയാണ്. സ്ഥിതിഗതികള്‍ ഇന്നലെയും വിലയിരുത്തിയെന്നും റോഡ് അറ്റകുറ്റപ്പണി അടക്കമുള്ളവ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും ഇടുക്കി ജില്ലാ കളക്ടര്‍ ജീവന്‍ ബാബു അറിയിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.