മോദിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ പിണറായി

Friday 20 July 2018 4:08 am IST
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു എതിരാളികളെ നിരായുധരാക്കി മോദിയുടെ അപ്രതീക്ഷിത നീക്കം. പുതിയ ആവശ്യങ്ങളുന്നയിക്കുന്ന കേരളം എന്തുകൊണ്ടാണ് കേന്ദ്രം പൂര്‍ണപിന്തുണ നല്‍കിയിട്ടും ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കാന്‍ താല്‍പര്യം കാണിക്കാത്തതെന്നും പിണറായിയോട് പ്രധാനമന്ത്രി ചോദിച്ചു.

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരായ സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും ആരോപണങ്ങളുടെ മുനയൊടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി സര്‍ക്കാര്‍ കേരളത്തെ അവഗണിക്കുകയാണെന്ന് ആരോപിച്ച മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്ര സര്‍ക്കാര്‍ പണമനുവദിച്ചിട്ടും സംസ്ഥാനം നടപ്പാക്കാത്ത പദ്ധതികളുടെ പട്ടിക പ്രധാനമന്ത്രി കൈമാറി. 

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു എതിരാളികളെ നിരായുധരാക്കി മോദിയുടെ അപ്രതീക്ഷിത നീക്കം. പുതിയ ആവശ്യങ്ങളുന്നയിക്കുന്ന കേരളം എന്തുകൊണ്ടാണ് കേന്ദ്രം പൂര്‍ണപിന്തുണ നല്‍കിയിട്ടും ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കാന്‍ താല്‍പര്യം കാണിക്കാത്തതെന്നും പിണറായിയോട് പ്രധാനമന്ത്രി ചോദിച്ചു. 

''എല്‍ഡിഎഫും യുഡിഎഫും ഭരിച്ചകാലത്ത് കേന്ദ്രം അംഗീകരിച്ച പദ്ധതികളും അനുവദിച്ച തുകയും അടങ്ങുന്ന പട്ടികയാണിത്. മാധ്യമങ്ങള്‍ക്കോ പ്രതിപക്ഷ നേതാവിനോ ഇത് ഞാന്‍ നല്‍കുന്നില്ല. മുഖ്യമന്ത്രിക്കു മാത്രം കൈമാറുകയാണ്. ഏതൊക്കെ പദ്ധതികള്‍ എവിടെ വരെയെത്തി എന്ന് പരിശോധിക്കണം. എന്തുകൊണ്ടാണ് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതെന്നും വിലയിരുത്തണം''. മോദി ആവശ്യപ്പെട്ടു. 

പട്ടിക വാങ്ങി വച്ചതല്ലാതെ ഇതിന് മുഖ്യമന്ത്രിയോ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോ മറുപടി പറഞ്ഞില്ല. റെയില്‍വെ വികസനം, ടൂറിസം വകുപ്പിന് കീഴിലുള്ള പ്രസാദം പദ്ധതി തുടങ്ങിയവയും പിണറായിക്ക് കൈമാറിയ പട്ടികയിലുണ്ടെന്നാണ് സൂചന. കേന്ദ്ര വിരുദ്ധ പ്രചാരണത്തിനുള്ള സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും നീക്കമാണ് മോദി തകര്‍ത്തത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനും സംഘത്തിലുണ്ടായിരുന്നു. പട്ടികജാതി, വര്‍ഗ ഹോസ്റ്റലുകള്‍ക്കുള്ള 8.48 മെട്രിക് ടണ്‍ ഭക്ഷ്യധാന്യം കേരളം ഇതുവരെ കൈപ്പറ്റിയിട്ടില്ലെന്നും കേന്ദ്രത്തെ  കുറ്റംപറഞ്ഞ് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ഇടതു-വലതു മുന്നണികളുടെ ശ്രമമാണ് പ്രധാനമന്ത്രിയുടെ ഇടപെടലോടെ പൊളിഞ്ഞതെന്നും എ.എന്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു.

കണ്ണന്താനത്തെ ഒഴിവാക്കി: അതൃപ്തിയറിയിച്ച് മോദി

ന്യൂദല്‍ഹി: കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തില്‍ ഉള്‍പ്പെടുത്താത്തതില്‍ അതൃപ്തിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 

സര്‍വകക്ഷി സംഘവുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞയുടന്‍ കണ്ണന്താനത്തെ മോദി വിളിച്ചുവരുത്തി വിവരങ്ങള്‍ ആരാഞ്ഞു. എന്തുകൊണ്ടാണ് സര്‍വകക്ഷി സംഘത്തില്‍ ഇല്ലാതിരുന്നതെന്ന് പ്രധാനമന്ത്രി ചോദിച്ചതായും തന്നെ ഔദ്യോഗികമായി കേരള സര്‍ക്കാര്‍ ക്ഷണിച്ചിരുന്നില്ലെന്ന് പ്രധാനമന്ത്രിയെ അറിയിച്ചതായും കണ്ണന്താനം പത്രസമ്മേളനത്തില്‍ പറഞ്ഞു. സര്‍വകക്ഷി സംഘത്തോടും പ്രധാനമന്ത്രി അതൃപ്തി വ്യക്തമാക്കി. 

''കേരളത്തില്‍നിന്നുള്ള ഏക കേന്ദ്രമന്ത്രിയാണ് ഞാന്‍. സംഘത്തില്‍ ഉള്‍പ്പെടുത്താത്തതില്‍ പരിഭവമില്ല. ഇത്തരം സമീപനങ്ങള്‍ നല്ലതാണോയെന്ന് ജനങ്ങള്‍ വിലയിരുത്തട്ടെ. മുന്‍പത്തെ കേന്ദ്ര സര്‍ക്കാരുകളേക്കാളും കൂടുതല്‍ പദ്ധതികളും ഫണ്ടും മോദി സര്‍ക്കാര്‍ കേരളത്തിന് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരില്‍ എട്ട് കേന്ദ്ര മന്ത്രിമാര്‍ കേരളത്തില്‍നിന്നുണ്ടായിട്ടും ലഭിക്കാത്ത സഹായമാണ് ഇപ്പോള്‍ നല്‍കുന്നത്. 

രാഷ്ട്രീയം നോക്കാതെയാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. പണം നല്‍കിയാലും പദ്ധതി നടപ്പാക്കാന്‍ കേരളത്തിന് താത്പര്യമില്ല. ശബരിമലയ്ക്ക് അനുവദിച്ച 100 കോടി ചെലവഴിച്ചിട്ടില്ല. സ്വദേശ് ദര്‍ശന്‍, പ്രസാദ് എന്നിവയ്ക്ക് കീഴില്‍ നാല് പദ്ധതികളിലായി ടൂറിസം വകുപ്പ് 350 കോടി അനുവദിച്ചു. പ്രസാദ് പദ്ധതിയിലുള്‍പ്പെടുത്തി ഗുരുവായൂരിന് 46 കോടിയും ആറന്മുളയ്ക്ക് 5.94 കോടിയും അനുവദിച്ചെങ്കിലും എങ്ങുമെത്തിയിട്ടില്ല''. മന്ത്രി ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.