ഇന്ന് പാര്‍ലമെന്ററി ജനാധിപത്യത്തിലെ സുപ്രധാനദിനം

Friday 20 July 2018 10:33 am IST

ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന് എതിരായ അവിശ്വാസ പ്രമേയം ഇന്ന് ലോക്‌സഭാ പരിഗണിക്കും. നാലു വര്‍ഷം പൂര്‍ത്തിയായ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ട് വരുന്ന ആദ്യ അവിശ്വാസ പ്രമേയമാണ് ഇന്ന് ലോക്‌സഭ ചര്‍ച്ചക്കെടുക്കുന്നത്. ഇന്ന് പാര്‍ലമെന്ററി ജനാധിപത്യത്തിലെ സുപ്രധാനദിനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. 

പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി നേതാക്കളുടെ യോഗം വിളിച്ചു. ബിജെപി അധ്യക്ഷന്‍ അമിത് ഷായും മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും. അതേസമയം അമിത് ഷാ തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വവുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. അവിശ്വാസ പ്രമേ‍യത്തില്‍ അണ്ണാഡിഎംകെ എംപിമാരുടെ പിന്തുണ തേടിയാണ് അമിത് ഷാ പനീര്‍ശെല്‍വത്തെ സമീപിച്ചത്. ലോക്‍സഭയില്‍ വ്യക്തമായ മുന്‍തൂക്കം ഭരണകക്ഷിയായ എന്‍ഡിഎയ്ക്കുള്ളതിനാല്‍ അവിശ്വാസം പാസാകാനിടയില്ല. പ്രമേയത്തിന് അനുകൂലമായ പിന്തുണ ഉറപ്പാക്കുന്നതിന് കോണ്‍ഗ്രസ് വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളോട് ആശയവിനിമയം തുടരുക ആണ്. 

പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകിട്ട് അവിശ്വാസ പ്രമേയത്തിന് മേല്‍ നടന്ന ചര്‍ച്ചക്ക് മറുപടി നല്‍കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും. നിലവില്‍ പത്ത് ഒഴിവുകള്‍ ഉള്ള ലോക്‌സഭയില്‍ പ്രമേയം പാസ്സാകണമെങ്കില്‍ 266 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. കോണ്‍ഗ്രസിന്റെ 48 എംപി മാരുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ 34 എംപി മാരുടെയും തെലുഗുദേശം പാര്‍ട്ടിയുടെ 15 എംപിമാരുടെയും പിന്തുണയ്ക്ക് പുറമെ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന് അറിയിച്ചിട്ടുള്ള പാര്‍ട്ടികള്‍ സിപിഐഎം. എന്‍സിപി, ആം ആദ്മി പാര്‍ട്ടി, ആര്‍ജെഡി, മുസ്‌ലിം ലീഗ്, ജെഡിഎസ്, രാഷ്ട്രീയ ലോക്ദള്‍, ജെഎംഎം, ആര്‍എസ്പി എന്നിവയാണ്. എല്ലാം കൂടി ചേര്‍ത്താല്‍ 129 എംപി മാര്‍.

തെലുഗു ദേശം അംഗം സി ദിവാകര്‍ റെഡ്ഡി പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ 19 എംപിമാര്‍ ഉള്ള ബിജു ജനതാ ദള്‍, 11 അംഗങ്ങള്‍ ഉള്ള തെലുങ്കാന രാഷ്ട്ര സമിതി, ഏഴ് എംപിമാര്‍ ഉള്ള സമാജ് വാദി പാര്‍ട്ടി എന്നിവര്‍ തങ്ങളുടെ നിലപാട് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. തെലുങ്കാന രാഷ്ട്രസമിതിയും ബിജു ജനതാ ദളും പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നേക്കും. 37 അംഗങ്ങള്‍ ഉള്ള എഐഎഡിഎംകെ അവിശ്വാസ പ്രമേയത്തെ എതിര്‍ക്കും എന്ന് അറിയിച്ചിട്ടുണ്ട്. 314 എംപി മാരുടെ പിന്തുണയാണ് എന്‍ഡിഎ പ്രതീക്ഷിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.