ഭാര്യമാരെ ഉപേക്ഷിച്ച എട്ട് ഭര്‍ത്താക്കന്മാരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി

Friday 20 July 2018 11:04 am IST

ന്യൂദല്‍ഹി: ഭാര്യമാരെ ഉപേക്ഷിച്ച്‌ ഒളിച്ചോടാന്‍ ശ്രമിക്കുന്ന എന്‍‌ആര്‍‌ഐ ഭര്‍ത്താക്കന്മാര്‍ക്ക് ഇനി രക്ഷയില്ല. ഇത്തരത്തില്‍ ഒളിച്ചോടിയ ഏട്ട് ഭര്‍ത്താക്കന്മാരുടെ പാസ്‌പോര്‍ട്ട് ഇന്ത്യ റദ്ദാക്കി. വനിതാ ശിശുക്ഷേമ മന്ത്രാലയമാണ് പാസ്‌പോര്‍ട്ട് റദ്ദാക്കിയ വിവരം അറിയിച്ചത്. 

വനിതാ ശിശുക്ഷേമ മന്ത്രാലയവും, വിദേശകാര്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി ഒരു സമിതി രൂപീകരിച്ച്‌ ഭാര്യമാരെ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞ വിദേശ ഇന്ത്യക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ എഴുപത് പരാതികളാണ് സമിതിക്ക് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എട്ട് വിദേശ ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയത്. ഇവര്‍ക്കായി ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. 

വിദേശ ഇന്ത്യക്കാരുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ മന്ത്രാലയം ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ഇത് പൂര്‍ണമായും പ്രവര്‍‌ത്തന സജ്ജമായിട്ടില്ല. എല്ലാ വിദേശ ഇന്ത്യക്കാരുടെ വിവാഹവും ഏഴ് ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വനിതാ ശിശുക്ഷേമ മന്ത്രാലയം നേരത്തെ ഉത്തരവിട്ടിരുന്നു. നിര്‍ദ്ദേശം പാലിക്കാതിരിക്കുന്നവര്‍ക്ക് വിസയം പാസ്പോര്‍ട്ടും നിഷേധിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ഭാര്യമാരെ ഉപേക്ഷിച്ചുപോകുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നിര്‍ദ്ദേശവും പരിഗണനയിലുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.