ഇരിട്ടി പുഴ എന്തെന്ന് മനസ്സിലായി പുതിയ സംവിധാനത്തില്‍ പാലം പൈലിംഗ് പ്രവൃത്തി പുരോഗമിക്കുന്നു

Friday 20 July 2018 4:28 pm IST

 

ഇരിട്ടി: കെഎസ്ടിപി അധികൃതരും കരാറുകരും ഇരിട്ടി പുഴ എന്തെന്ന് അറിയുവാന്‍ എടുത്തത് രണ്ട് വര്‍ഷം. അതിനായി ലക്ഷങ്ങള്‍ പുഴയില്‍ ഒഴുക്കിക്കളഞ്ഞതും നീണ്ട രണ്ടു വര്‍ഷക്കാലം വെറുതേ കളഞ്ഞതും മിച്ചം. പുഴയെക്കുറിച്ചുള്ള തിരിച്ചറിവ് വന്നതോടെ പുതിയ സംവിധാനം ഉപയോഗിച്ചുകൊണ്ടുള്ള പാലത്തിന്റെ ഒരു ഭാഗത്തെ പൈലിംഗ് പ്രവൃത്തി ഇപ്പോള്‍ പുരോഗമിക്കുകയാണ്. 

തലശ്ശേരി  വളവുപാറ റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി രണ്ടു വര്‍ഷം മുന്‍പ് ആരംഭിച്ച പൈലിംഗ് പ്രവര്‍ത്തിയാണ് പുഴക്കുള്ളില്‍ നിര്‍മ്മിക്കേണ്ട രണ്ട് തൂണുകളില്‍ ഒന്ന് പോലും നിര്‍മ്മിക്കാനാവാതെ കരാറുകാരെ വിഷമസന്ധിയിലാക്കിയത്. വേനല്‍ക്കാലങ്ങളില്‍ പഴശ്ശി പദ്ധതിയുടെ വെള്ളം കയറിക്കിടക്കുകയും മഴക്കാലമായാല്‍ പശ്ചിമഘട്ട മലനിരകളിലെ നിരവധി പുഴകള്‍കൊണ്ട് ജലസമൃദ്ധമാവുകയും കുത്തിയൊഴുകുകയും ചെയ്യുന്ന ഇരിട്ടി പുഴയുടെ യഥാര്‍ത്ഥ അവസ്ഥ ഇവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാതെ പോയതാണ് നിര്‍മ്മാണത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചത്. 

ആദ്യവര്‍ഷം മലവെള്ളത്തിന്റെ കുത്തിയൊഴുക്കില്‍ പൈലിംഗ് പ്രവര്‍ത്തികള്‍ മുഴുവന്‍ ഒഴുകിപ്പോവുകയും എന്നാല്‍ ഇതില്‍ നിന്നും പാഠം പഠിക്കാതെ രണ്ടാം വര്‍ഷവും അതേ പ്രവര്‍ത്തി തന്നെ തുടരുകയും ചെയ്തു. എന്നാല്‍ പുഴയിലൂടെ കുത്തിയൊഴുകിവന്ന മലവെള്ളം വീണ്ടും എല്ലാം കൊണ്ടുപോകുന്നത് കരാറുകാരും കെഎസ്ടിപി അധികൃതരും മൂക്കത്തു വിരല്‍വെച്ചു നോക്കി നില്‍ക്കുകയായിരുന്നു. പുഴയുടെ ഇരുകരകളിലും ലോഡ് കണക്കിന് മണ്ണിട്ട് നിറച്ചു പുഴയിലെ കുത്തൊഴുക്കിന് തടസ്സമുണ്ടാക്കിയത് മൂലമായിരുന്നു ഇതിനായി തീര്‍ത്ത മണ്‍തിട്ടകളും പൈലിംഗ് പ്രവര്‍ത്തികളും ഒഴുകിപ്പോകാന്‍ വീണ്ടും ഇടയാക്കിയത്. ഇതില്‍ നിന്നും പാഠമുള്‍ക്കൊണ്ടുകൊണ്ടാണ് ഇപ്പോള്‍ ഒരു ഭാഗത്തു മാത്രം പൈലിംഗ് പ്രവര്‍ത്തി തുടരുന്നത്. 

ഇരിട്ടി ടൗണ്‍ ഭാഗത്തുള്ള പൈലിംഗ് പ്രവര്‍ത്തിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇവിടെ തീര്‍ക്കേണ്ട ആറ് പൈലിംഗുകളില്‍ അഞ്ചെണ്ണം തീര്‍ന്നു കഴിഞ്ഞു. പൈലിങ്ങിനായി പുഴയില്‍ തീര്‍ത്ത ഗാപ്പിയന്‍ വോളും മണ്‍തിട്ടയും മറ്റും കുത്തൊഴുക്കില്‍ തകരുകയും ഒലിച്ചുപോവുകയും ചെയ്തതോടെ പുഴയിലെ മലവെള്ള കുത്തൊഴുക്കിനെ തടയാന്‍ പുതിയ സംവിധാനമാണ് ഒരുക്കുന്നത്. ഇതിനായി കൂറ്റന്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ കൊണ്ടുള്ള ഭിത്തിയാണ് ഒരുക്കിക്കൊണ്ടിരിക്കുന്നത്. കൂറ്റന്‍ ക്രയിനും മറ്റും ഉപയോഗിച്ചാണ് കോണ്‍ക്രീറ്റ് സഌബുകള്‍ കൊണ്ടുള്ള ഭിത്തിയൊരുക്കുന്നത്. ഈ പ്രവര്‍ത്തി ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇവിടുത്തെ ആറ് പൈലിംഗുകളും തീര്‍ത്ത ശേഷം മാത്രമാണ് പായം ഭാഗത്തുള്ള തൂണിന്റെ പൈലിംഗ് പ്രവര്‍ത്തി ആരംഭിക്കുക. കരാര്‍ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കേ എത്രയും പെട്ടെന്ന് തന്നെ പാലം പണി പൂര്‍ത്തിയാക്കാനാണ് കെഎസ്ടിപിയുടെ തീരുമാനം. ഇതാണ് കനത്ത മഴയിലും പ്രവര്‍ത്തി തുടരാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.