സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ കൃത്രിമ ജലപാത പാനൂരിനെ ദുരന്തഭൂമിയാക്കി മാറ്റും

Friday 20 July 2018 4:29 pm IST

 

പാനൂര്‍: പാനൂരിനെ ദുരന്തഭൂമിയായി മാറ്റാനാണ് കൃത്രിമ ജലപാതയുമായി സംസ്ഥാന സര്‍ക്കാര്‍ വരുന്നതെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഭാസ്‌ക്കരന്‍ വെളളൂര്‍ കുറ്റപ്പെടുത്തി. കൃത്രിമ ജലപാതക്കെതിരെ കൃത്രിമ ജലപാത പ്രതിരോധസേന പാനൂര്‍ ബസ് സ്റ്റാന്റില്‍ സംഘടിപ്പിച്ച സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഒരു പ്രദേശത്തിന് അനുയോജ്യമായ വികസനമാണ് കൊണ്ടുവരേണ്ടത്. അല്ലാതെ സാമ്പത്തികലാഭം കണക്കാക്കി പ്രകൃതിയെ നശിപ്പിച്ചല്ല വികസന പദ്ധതികള്‍ നടപ്പിലാക്കേണ്ടത്. മണ്ണിനെ അമ്മയായി കണക്കാക്കുന്നവരാണ് നമ്മള്‍. നമുക്ക് ഒരു ജൈവികബന്ധമാണ് മണ്ണുമായി ഉളളത്. ഒരു സുപ്രഭാതത്തില്‍ വീടും  നാടും വിട്ട് നമ്മള്‍ എവിടേക്കാണ് പോകേണ്ടത്. വിദേശികള്‍ക്ക് ഉല്ലസിക്കാനായി ഒരു തരി മണ്ണും വിട്ടുകൊടുക്കാന്‍ ആരും തയ്യാറാവരുത്. തണ്ണീര്‍തട, നെല്‍ത്തട സംരക്ഷണ നിയമങ്ങളില്‍ ഭേദഗതി വരുത്തിയത് ഇത്തരം പ്രകൃതി ചൂഷക പദ്ധതികള്‍ക്ക് അനുമതിക്കു വേണ്ടിയാണെന്നും ഇത് വികസനഭീകരതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജലപാത പ്രതിരോധസേന ചെയര്‍മാന്‍ രാജേഷ് കൊച്ചിയങ്ങാടി അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പാനൂര്‍ ഖണ്ഡ് സംഘചാലക് എന്‍.കെ.നാണു മാസ്റ്റര്‍ സമരപ്രഖ്യാപന പ്രതിജ്ഞ ചൊല്ലി. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ:വി.കെ.സജീവന്‍, ആര്‍എസ്എസ് വിഭാഗ് കാര്യകാരി അംഗം കെ.ബി.പ്രജില്‍, ബിജെപി മണ്ഡലം പ്രസിഡണ്ട് സി.കെ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, എം.രത്‌നാകരന്‍ എന്നിവര്‍ പ്രസംഗിച്ചു. വി.പി.ജിതേഷ് സ്വാഗതവും കെ.സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.